മുംബൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാരോപിച്ചുള്ള ബീഹാർ സ്വദേശിനിയുടെ പരാതിയിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവിടുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ഫലം പരസ്യപ്പെടുത്തണമെന്ന യുവതിയുടെ അപേക്ഷ ജനുവരി 4നു ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു പ്രതികരണം.
പീഡനക്കേസ് റദ്ദാക്കണമെന്ന് അഭ്യർഥിച്ചുള്ള ഹർജി ഹൈക്കോടതിയിലുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബിനോയ് പറഞ്ഞു. എന്നാൽ 8 വയസ്സുള്ള മകനു നീതി ലഭിക്കണമെന്നും ഡിഎൻഎ റിപ്പോർട്ട് തുറന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമാകുമെന്നുമാണു യുവതിയുടെ നിലപാട്. കേസ് റദ്ദാക്കണമെന്ന് അഭ്യർഥിച്ച് 2019 ജൂലൈയിൽ ബിനോയ് സമീപിച്ചപ്പോൾ ഹൈക്കോടതിയാണു ഡിഎൻഎ പരിശോധനയ്ക്കു നിർദേശിച്ചത്. ജൂലൈ 30നു രക്തസാംപിൾ ശേഖരിച്ചു.
കലീന ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയുടെ ഫലം 17 മാസത്തിനു ശേഷമാണ് ഹൈക്കോടതി റജിസ്ട്രാർക്ക് രഹസ്യരേഖയായി മുംബൈ പോലീസ് കൈമാറിയത്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കേസ് നീണ്ടു. ഫലം റജിസ്ട്രാറുടെ പക്കലെത്തി ഒരു വർഷം പിന്നിട്ടിരിക്കെയാണ് ഇപ്പോൾ യുവതി ഹർജി നൽകിയിരിക്കുന്നത്.
അതിനിടെ, പീഡനക്കേസിൽ അന്ധേരി ദിൻഡോഷി സെഷൻസ് കോടതിയിൽ ഈ മാസം 13ന് വിചാരണ ആരംഭിക്കും. ഇക്കൊല്ലം ജനുവരിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും കോവിഡിനെത്തുടർന്ന് നടപടി നീളുകയായിരുന്നു. ഡാൻസ് ബാർ നർത്തകിയായിരുന്ന യുവതി 2019 ജൂണിലാണു മുംബൈ ഓഷിവാര പോലീസിൽ പരാതി നൽകിയത്.
Post Your Comments