തിരുവനന്തപുരം: ട്രെയിൻ യാത്രക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പശ്ചിമബംഗാൾ സ്വദേശിയായ പാൻട്രി ജീവനക്കാരൻ മാസങ്ങൾക്ക് ശേഷം അറസ്റ്റിൽ. പശ്ചിമബംഗാൾ ബർദമാൻ വില്ലേജ് ശോളപുകുർ അപാർട്ട്മെൻറിന് സമീപം തൗസിഫി (34) നെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റെയിൽവേ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണും കണ്ടെടുത്തു. സെപ്റ്റംബർ 11 നാണ് കേസിനാസ്പദമായ സംഭവം. നിസാമുദ്ദീൻ-തിരുവനന്തപുരം സ്വർണജയന്തി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന കൗസല്യ എന്ന യാത്രക്കാരിയുടെ 15,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണാണ് മോഷണം പോയത്.
Read Also : കഞ്ചാവും വാറ്റുചാരായവും വിൽപന : സ്ത്രീയടക്കം രണ്ടുപേർ അറസ്റ്റിൽ
നഷ്ടപ്പെട്ട ഫോണിന്റെ ഇ.എം.ഇ.ഐ നമ്പർ പരിശോധിച്ചപ്പോൾ ഈ ഫോൺ മറ്റൊരു സിംകാർഡ് ഇട്ട് ആരോ ഉപയോഗിക്കുന്നതായും കേരളത്തിന് പുറത്താണെന്നും വ്യക്തമായി. സെപ്റ്റംബർ 21ന് ഫോൺ എറണാകുളത്ത് ഉണ്ടായിരുന്നതായും വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments