തിരുവനന്തപുരം: കേരളത്തിൽ തൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. മദ്യത്തിലും ലോട്ടറിയിലും ഞങ്ങളത് തിരിച്ച് അങ്ങോട്ട് തന്നെ തരുന്നുണ്ടല്ലോയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഗ്രാമീണ മേഖലയിൽ കേരളത്തിൽ ലഭ്യമാകുന്ന ശരാശരി വേതനം ദേശീയ ശരാശരിയുടെ ഇരട്ടിയിലുമധികമെന്ന് ചൂണ്ടിക്കാണിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിറ്റിക്സ് ഓൺ ഇന്ത്യൻ സ്റ്റേറ്റ്സ് 2020-21 എന്ന പഠന റിപ്പോർട്ട് പങ്കുവച്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിലായിരുന്നു വിമർശനങ്ങൾ അരങ്ങേറിയിരുന്നത്.
വരവ് മാത്രമല്ല ചിലവും നാല് ഇരട്ടിയാണെന്ന് സോഷ്യൽ മീഡിയ പറയുന്നു. കേരളത്തിന് പുറത്ത് എല്ലാ സാധന സാമഗ്രികളും അവർ തന്നെ ഉത്പാദിപ്പിക്കുന്നു. അത് കൊണ്ട് തന്നെ കൂലി കുറവുള്ളത് പോലെ ചിലവും കുറവാണ് പക്ഷെ കേരളത്തിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കണം 1000 രൂപ കൂലി വാങ്ങുന്നവർക്ക് പോലും നിത്യചിലവ് കഴിഞ്ഞു 10 രൂപ സമ്പാദിച്ചു വെക്കാൻ സാധിക്കുന്നില്ല. മരുഭൂമിയിൽ ചോര നീരാക്കി പ്രവാസികൾ കൊണ്ട് വരുന്ന പണം നേരെ ബംഗാളിയും ആസാമിയും കൊണ്ട് പോവുന്നു. മലയാളിക്ക് തൊഴിലുമില്ല കൂലിയുമില്ലെന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഗ്രാമീണ മേഖലയിൽ കേരളത്തിൽ ലഭ്യമാകുന്ന ശരാശരി വേതനം ദേശീയ ശരാശരിയുടെ ഇരട്ടിയിലുമധികം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിറ്റിക്സ് ഓൺ ഇന്ത്യൻ സ്റ്റേറ്റ്സ് 2020-21 എന്ന പഠന റിപ്പോർട്ടിലാണ് രാജ്യത്തെ ഗ്രാമീണ മേഖലയിലെ വേതനത്തിൻ്റെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ഗ്രാമീണ മേഖയിലെ കർഷക തൊഴിലാളികൾക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം 706.5 രൂപയാണ്. ദേശീയ ശരാശരി 309.9 രൂപയും. കാർഷികേതര തൊഴിലാളികൾക്ക് കേരളത്തിൽ ശരാശരി 677.6 രൂപ വേതനം ലഭിക്കുമ്പോൾ ദേശീയതലത്തിൽ അത് 315.3 രൂപയാണ്. ഗ്രാമീണ മേഖലയിൽ നിർമ്മാണ തൊഴിലാളികൾക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം ദേശീയ തലത്തിൽ 362.2 രൂപയാണെന്നിരിക്കെ, സംസ്ഥാനത്ത് ഇത് 829.7 രൂപയാണ്.
ഗ്രാമീണ മേഖലയിലെ വേതന നിരക്കിൽ കേരളം ദേശീയ ശരാശരിയേക്കാൾ ഏറെ മുകളിലാണെന്നത് അഭിമാനികരമായ കാര്യമാണ്. നീണ്ടകാലത്തെ തൊഴിലാളിവർഗ മുന്നേറ്റത്തിൻ്റെ ചരിത്രം ഈ നേട്ടത്തിനു പുറകിലുണ്ട്. ന്യായമായ വേതനം തൊഴിലാളികളുടെ അവകാശമാണ്. ആ അവകാശം സംരക്ഷിക്കുന്നതിനു വേണ്ട പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകും.
Post Your Comments