കാസര്‍ഗോഡ്: ജ്വല്ലറിയിൽ നിന്ന് 2.88 കോടി രൂപയുടെ വജ്രാഭരണങ്ങളുമായി ജീവനക്കാരൻ മുങ്ങിയതായി പരാതി. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സുല്‍ത്താന്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിയിലെ ജീവനക്കാരനാണ് മുങ്ങിയത്.
ജ്വല്ലറി എം.ഡി റൗഫിന്റെ പരാതിയില്‍ അസി. സെയിൽസ് മാനേജർ കർണാടക തലപ്പാടി ബി.സി റോഡ് സ്വദേശി മുഹമ്മദ് ഫാറൂഖിനെതിരെ (33) കാസർഗോഡ് പൊലീസ് കേസെടുത്തു. ഉടമയുടെ മൊഴിയെടുത്ത ശേഷമാണ് കാസര്‍ഗോഡ് സി.ഐ പി. അജിത്കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Also : റെയിൽ പാളത്തിൽ കല്ലുവെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമം : യുവാവ് പിടിയിൽ
ഒന്നര വര്‍ഷത്തോളമായി കോവിഡായതിനാല്‍ ജ്വല്ലറിയില്‍ ഓഡിറ്റ് നടന്നിരുന്നില്ല. ഇത് മുതലെടുത്താണ് ജീവനക്കാരൻ ആഭരണങ്ങൾ പല തവണയായി കൈക്കലാക്കിയതെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞയാഴ്ച ഓഡിറ്റിങ് നടത്തിയപ്പോഴാണ് ഇത്രയും തുകയുടെ വജ്രാഭരണങ്ങള്‍ കാണാനില്ലെന്ന് വ്യക്തമായത്.
ഇതിനിടെ, മുഹമ്മദ് ഫാറൂഖിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ മംഗളൂരു പൊലീസ് അന്വേഷണം തുടങ്ങി. പതിവുപോലെ ഭര്‍ത്താവ് ശനിയാഴ്ചയും ജ്വല്ലറിയിലേക്ക് പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും ആണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.
Post Your Comments