
വളാഞ്ചേരി: ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട യുവാവ് വൃദ്ധദമ്പതികളുടെ വീട്ടിലെത്തി സ്വർണാഭരണങ്ങൾ കവർന്നു. വളാഞ്ചേരി കോട്ടപ്പുറം പെട്രോൾപമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രന്റെ(75) വീട്ടിലെത്തിയാണ് യുവാവ് സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്. ചന്ദ്രനെയും ഭാര്യ ചന്ദ്രമതി(63)യെയും ഗുളിക നൽകി മയക്കിക്കിടത്തിയ ശേഷമാണ് ഇയാൾ സ്വർണാഭരണങ്ങളുമായി സ്ഥലംവിട്ടത്. ചന്ദ്രമതിയുടെ താലിമാല ഉൾപ്പെടെ ആറുപവനാണ് നഷ്ടമായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചന്ദ്രനും ഭാര്യ ചന്ദ്രമതിയും യുവാവിനെ പരിചയപ്പെടുന്നത്. മുട്ടുവേദനയ്ക്ക് ഡോക്ടറെ കാണാൻ കൊട്ടാരക്കരയിൽ പോയി മടങ്ങവേയാണ് ട്രെയിനിൽവെച്ച് യുവാവ് ഇവരുമായി സൗഹൃദം സ്ഥാപിച്ചത്. മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയിനിൽ ജനറൽ കമ്പാർട്ട്‌മെന്റിലായിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കയാത്ര. സീറ്റില്ലാതെ പ്രയാസപ്പെട്ട് വടികുത്തി നിൽക്കുന്ന ചന്ദ്രനടുത്തേക്ക് 35 വയസ്സു തോന്നിക്കുന്ന ഇയാൾ എത്തുകയായിരുന്നു നാവികസേനയിൽ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞ് പരിചയപ്പെട്ടു.
ആദ്യം ചന്ദ്രനും താമസിയാതെ ചന്ദ്രമതിക്കും ഇയാൾ സീറ്റ് തരപ്പെടുത്തിനൽകുകയും ചെയ്തു.തുടർന്ന് ഇവർക്കൊപ്പമിരുന്ന് കൊട്ടാരക്കരയ്ക്കു പോയ കാര്യമന്വേഷിച്ചു. മുട്ട് മാറ്റിവെക്കുന്നതിന് ലക്ഷങ്ങളാണ് ആശുപത്രികൾ വാങ്ങുന്നതെന്നും നാവികസേനാ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ ചെയ്യാൻ സൗകര്യമുണ്ടെന്നും താൻ ശ്രമിച്ചുനോക്കട്ടെയെന്നും പറഞ്ഞപ്പോൾ അവരത് വിശ്വസിച്ചു. ഇതിനിടെ ചന്ദ്രന്റെ ഫോൺനമ്പരും വാങ്ങി. സ്നേഹത്തോടെ പെരുമാറിയ യുവാവ് ചേർത്തലയിൽ ഇറങ്ങിയെന്നാണ് ചന്ദ്രൻ പറയുന്നത്.
ബുധനാഴ്ച രാവിലെ യുവാവ് ചന്ദ്രനെ ഫോണിൽ വിളിച്ച് ശസ്ത്രക്രിയയുടെ കാര്യങ്ങൾ ശരിയാക്കിയിട്ടുണ്ടെന്നും നേരത്തേ ചികിത്സിച്ച കേസ് ഹിസ്റ്ററിയുണ്ടെങ്കിൽ അതും ആവശ്യമായ മറ്റു രേഖകളും അടിയന്തരമായി വേണമെന്നും താമസിക്കുന്ന സ്ഥലം പറഞ്ഞാൽ താൻ വന്നു വാങ്ങിക്കൊള്ളാമെന്നും പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെ ഇയാൾ ചന്ദ്രന്റെ വീട്ടിലെത്തി. ജ്യൂസ് കുടിച്ചശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനുമുൻപേ അസ്വസ്ഥത അനുഭവപ്പെട്ട ചന്ദ്രന് രണ്ട് ചെറിയ ഗുളിക നൽകി. ഗ്യാസിന്റെ കുഴപ്പമാണെന്നും ഉടനെ മാറുമെന്നുമാണ് യുവാവ് പറഞ്ഞതെന്ന് ചന്ദ്രൻ പറഞ്ഞു.‘നല്ലതാണ്, ചേച്ചിക്കും കഴിക്കാം’ എന്നു പറഞ്ഞപ്പോൾ അവരും ഗുളിക കഴിച്ചു. ഏതാനും സമയത്തിനുള്ളിൽ ഇരുവരുടെയും ബോധം നഷ്ടപ്പെട്ടു. പിന്നെ എല്ലാം കവർന്ന ശേഷം . അലമാരയിൽനിന്നെടുത്ത ആഭരണങ്ങളുമായി യുവാവ് മുങ്ങി. സംഭവത്തിൽ വളാഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments