തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തില്‍ വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാനെതിരെ രൂക്ഷവിമര്‍ശനവുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍. എങ്ങനെയും നിയമം പാസാക്കുമെന്ന അബ്ദുറഹ്മാന്റെ പ്രസ്താവന ധാര്‍ഷ്ട്യം നിറഞ്ഞതാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമസ്ത വഖഫ് മുതവല്ലി സംഗമത്തില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു തങ്ങളുടെ പരാമർശം.
‘വഖഫ് മന്ത്രി പറഞ്ഞതിനോട് പൂര്‍ണമായും എതിര്‍പ്പുണ്ട്. എങ്ങനെയിരുന്നാലും ഈ നിയമം പാസാക്കുമെന്ന് ഒരു വഖഫ് മന്ത്രി പറയേണ്ടതല്ലായിരുന്നു. പ്രത്യേകിച്ച് ഒരു മുസ്‍ലിം പേരുള്ളയാള്‍. ഇവിടെ നിന്ന് ജയിച്ചുകയറിപ്പോയി വഖഫിന്റെ ഉത്തരവാദിത്തംകൂടി അയാള്‍ക്കുനല്‍കി. എന്നിട്ട് ഒരു ധാര്‍ഷ്ട്യമെന്ന നിലയ്ക്ക് എങ്ങനെയായാലും നിയമം പാസാക്കുമെന്ന് മുസ്‍ലിം സമുദായത്തോട് പറയുന്നു’, തങ്ങള്‍ പറഞ്ഞു.
‘മുഖ്യമന്ത്രി വളരെ മാന്യമായ രീതിയിലാണ് സംസാരിച്ചത്. പ്രശ്‌നങ്ങള്‍ കൂടിയിരുന്നു സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് മാന്യമായൊരു സ്വരമാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തില്‍ സമസ്തക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ കൂടിയിരുന്ന് സംസാരിക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. അത് പഠിച്ചിട്ട് പറയാമെന്നാണ് ഞാന്‍ പറഞ്ഞത്. സമസ്തയുടെ സെക്രട്ടി ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം വിളിച്ചിരുന്നു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്. ഇല്ലെങ്കില്‍ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്റെ മുൻപിലും സമസ്തയുണ്ടാകും’, തങ്ങള്‍ കൂട്ടിച്ചേർത്തു.
Post Your Comments