മലപ്പുറം: കേരളത്തെ ഇന്ത്യയുടെ ഫുട്ബോൾ ഹബ്ബാക്കി മാറ്റുമെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. അടുത്ത അഞ്ചു വര്‍ഷം അഞ്ചുലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നൽകുമെന്നും, ഗോൾ പദ്ധതി വൻ വിജയമാക്കിത്തീർക്കാൻ എല്ലാവരുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു.
‘ചെറിയ പ്രായത്തില്‍ത്തന്നെ കുട്ടികള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കും. ഓരോ പഞ്ചായത്തും കേന്ദ്രീകരിച്ചാകും പരിശീലനം. ഇതില്‍ മികവ് കാണിക്കുന്ന കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. നിലവില്‍ കിക്കോഫ് എന്ന പേരില്‍ പരിശീലന പരിപാടി കായികവകുപ്പിന് കീഴില്‍ നടക്കുന്നുണ്ട്. ആ പദ്ധതിയെ ഗോള്‍ പദ്ധതി യില്‍ ലയിപ്പിച്ച് വിപുലമാക്കും’, മന്ത്രി പറഞ്ഞു.
‘സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാകും പദ്ധതി നടപ്പാക്കുക. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ പദ്ധതിയില്‍ പരിഗണന നല്‍കും. 5 വയസുമുതല്‍ തന്നെ പരിശീലനം നല്‍കും. ആവശ്യമായ ഉപകരണങ്ങളും ജഴ്‌സിയും സൗജന്യമായി നല്‍കും. ഓരോ പ്രായത്തിലുമുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ ശാസ്ത്രീയമായ സിലബസ് ഉണ്ടാകും. കുട്ടികളുടെ ശാരീരിക പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് അതിന് അനുസരിച്ചാകും പരിശീലനം. ഗോള്‍ പദ്ധതിയില്‍ പരിശീലനം നല്‍കുന്നതിന് മികച്ച പരിശീലകരെ സൃഷ്ടിക്കുന്നതിനും പദ്ധതിയില്‍ പ്രത്യേക പരിഗണനയുണ്ട്’, അദ്ദേഹം വ്യക്തമാക്കി.
‘ഫിഫയുടെയും, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെയും സഹകരണത്തോടെയാണ് പരിശീലകര്‍ക്ക് പരിശീലനം നല്‍കുക. ഓരോ പഞ്ചായത്തിലും പരിശീലകരെ കണ്ടെത്തി ആവശ്യമായ പരിശീലനം നല്‍കും. കോച്ചിങ് ലൈസന്‍സ് നേടാനുള്ള പ്രത്യേക ക്യാമ്പുകളും ഓള്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ സഹകരണത്തോടെ നടപ്പാക്കും. മുന്‍കാല താരങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. അതിന്റെ ഭാഗമായി 14 ജില്ലയിലും ഐക്കണ്‍ പ്ലെയേഴ്‌സിനെ തെരഞ്ഞെടുത്തു. ഓരോ ജില്ലയിലും കൂടുതല്‍ മുന്‍കാല താരങ്ങളെ പദ്ധതിയുടെ ഭാഗമാക്കും. പദ്ധതിക്കായി ജില്ലാതല ശില്‍പ്പശാലയും സംഘടിപ്പിക്കും. ദേശീയ ടീമില്‍ 6-7 മലയാളികള്‍ കളിച്ച നാളുകള്‍ തിരിച്ചു കൊണ്ടുവരണം’, അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.
Post Your Comments