ഇരിട്ടി: അനധികൃത മണൽക്കടത്ത് പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ കോടതിയിൽ കീഴടങ്ങി. പൊലീസിനെ ആക്രമിച്ച കേസിൽ പ്രതികളായ പാലപ്പുഴ സ്വദേശികൾ അബ്ദുൽ ലത്തീഫ് അബൂബക്കർ (51), അഷ്മിൽ (26) സിയാപൊയിലൻ എന്ന സുഹൈൽ (21), അസറുദ്ദീൻ (30), ഷമീർ (23), അരുൺ (20) എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്.
കാക്കയങ്ങാട് പാലപ്പുഴയിൽ കഴിഞ്ഞ ഒമ്പതിന് രാത്രി 11 മണിക്കാണ് സംഭവം. പാലപ്പുഴയിൽ മണൽക്കടത്ത് പിടികൂടാനെത്തിയ മുഴക്കുന്ന് പൊലീസ് ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിൽ, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, സത്യൻ എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്.
Read Also : കാണാതായ ഗർഭിണിയെ പള്ളിക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
സംഭവത്തിൽ ഉൾപ്പെട്ട സംഘാംഗമായ ഷാനിബി (28) എന്നയാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിലാണ്. പാലപ്പുഴയിൽ അനധികൃതമായി മണൽ വാരുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇൻസ്പെക്ടറെയും സംഘത്തെയും മണൽക്കടത്തുസംഘം ആക്രമിച്ചുവെന്നാണ് കേസ്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments