തൃശൂര്‍: ഗുണ്ടകള്‍ തമ്മിലെ കുടിപ്പകയെ തുടർന്ന് തോക്ക് കൊണ്ട് തലക്കടിച്ച് രണ്ടുപേരെ പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റിൽ. ചാലക്കുടി പോട്ട പള്ളിപ്പുറം റെജിന്‍ ടുട്ടുമോന് (31), നെടുപുഴ തെക്കുമുറി പള്ളിപ്പുറം അജിത് (32), പൂത്തോള്‍ പി ആൻഡ് ടി ക്വാര്‍ട്ടേഴ്സ് വെങ്ങര കരുണാമയന്‍ എന്ന പൊറിഞ്ചു (23) എന്നിവരാണ് പൊലീസ് പിടിയിലായത്.
നെടുപുഴയിലെ അമര്‍ജിത്, നെടുപുഴ തെക്കുമുറിയിലെ മുകേഷ് എന്നിവരെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് കേസ്. കഴിഞ്ഞ 16ന് ആണ് കേസിനാസ്പദമായ സംഭവം. നെടുപുഴ മദാമ്മത്തോപ്പില് വെച്ച് ഗുണ്ടസംഘങ്ങള്‍ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ താമസിക്കുകയായിരുന്നു പ്രതികള്‍. ഒന്നാം പ്രതി റെജിന്‍ എതിരെ വിവിധ സ്റ്റേഷനുകളിലായി 17ഓളം കേസുകളുണ്ട്. മറ്റു പ്രതികള്‍ കവര്‍ച്ച കേസുകളില്‍ ഉൾപ്പെട്ടവരാണ്. വാഹനം പണയപ്പെടുത്തി സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ വലയിലായത്.
നെടുപുഴ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post Your Comments