തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്നവർ 7 ദിവസം കർശനമായി ക്വാറന്റീനിൽ കഴിയണമെന്ന നിർദ്ദേശവുമായി സംസ്ഥാന സർക്കാർ. ഇവർ കോവിഡ് പോസിറ്റീവായാൽ ജനിതക ശ്രേണീകരണത്തിനു സാംപിൾ അയയ്ക്കണമെന്ന കേന്ദ്ര നിർദേശവും സംസ്ഥാനത്തിനു ലഭിച്ചു.
അതേസമയം ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവരിൽ 5 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂർ മുൻപ് ആർടിപിസിആർ പരിശോധന നടത്തണമെന്നും എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം നൽകണമെന്നും കേന്ദ്ര നിർദേശമുണ്ട്. ഇവർ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വീണ്ടും ആർടിപിസിആർ പരിശോധന നടത്തണമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.
ക്വാറന്റീൻ തീരുമ്പോഴും ആർടിപിസിആർ പരിശോധന നടത്തണം. പുതിയ വകഭേദം കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വിദേശത്തുനിന്നു കൂടുതൽ പേർ എത്തുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാർ തൽക്കാലം പൊതുമാർഗരേഖ നൽകിയിട്ടില്ലെങ്കിലും യുകെ, യൂറോപ്യൻ രാജ്യങ്ങൾ, ഇസ്രയേൽ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക, ബോട്‍സ്വാന, ബ്രസീൽ, ബംഗ്ലദേശ്, ചൈന, മൊറീഷ്യസ്, ന്യൂസീലൻഡ്, സിംബാബ്‍വെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അധികസുരക്ഷ ഉറപ്പാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ഇവരെ സംസ്ഥാനത്തു കൃത്യമായി നിരീക്ഷിക്കും.
Post Your Comments