അബുദാബി: കുരങ്ങുപനി ബാധിച്ച വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി യുഎഇ. രോഗിയുമായി അടുത്ത ബന്ധമുള്ളവർ 21 ദിവസത്തിൽ കുറയാതെ വീട്ടിൽ ക്വാറന്റെയ്നിൽ കഴിയണമെന്നാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. ഇവർ ഹോം ഐസൊലേഷൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ഇവരുടെ ആരോഗ്യനില നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുരങ്ങുപനി ഉൾപ്പെടെയുള്ള എല്ലാ സാംക്രമിക രോഗങ്ങളും അതിവേഗം കണ്ടെത്തുന്നതിന് ശക്തമായ എപ്പിഡെമിയോളജിക്കൽ നിരീക്ഷണ സംവിധാനം യുഎഇ നടപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കുരങ്ങുപനി ബാധിച്ചവർ രോഗം ഭേദമാകുംവരെ രോഗി ആശുപത്രികളിൽ ഒറ്റയ്ക്ക് കഴിയേണ്ടിവരും.
പനി, ക്ഷീണം, ലിംഫഡെനോപ്പതി, പുറംപേശി വേദന, കഠിനമായ തലവേദന എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ. അതേസമയം, യുഎഇയിൽ മൂന്നു പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും രോഗബാധ കണ്ടെത്തുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യകേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
Read Also: ബിജെപി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍
Post Your Comments