ദോഹ: കോവിഡ് പോസിറ്റീവാകുന്നവരുടെ ക്വാറന്റെയ്ൻ കാലയളവ് കുറച്ച് ഖത്തർ. ഏഴ് ദിവസമാക്കിയാണ് ക്വാറന്റെയ്ൻ കാലയളവ് കുറച്ചത്. നേരത്തെ കോവിഡ് പോസിറ്റീവാകുന്നവർ പത്ത് ദിവസമായിരുന്നു ക്വാറന്റെയ്‌നിൽ കഴിയേണ്ടിയിരുന്നത്. അതേസമയം കോവിഡ് രോഗികൾക്ക് ലഭിക്കുന്ന സിക്ക് ലീവുകളുടെ എണ്ണവും പത്തിൽ നിന്ന് ഏഴാക്കി കുറച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ സെന്ററുകളിൽ പരിശോധന നടത്തി കോവിഡ് പോസിറ്റീവാകുന്നവർക്ക് ഇഹ്തിറാസ് ആപ്ലിക്കേഷനിൽ സ്റ്റാറ്റസ് റെഡ് ആയി മാറുകയും അവർ ഏഴ് ദിവസത്തെ സിക്ക് ലീവിന് അർഹരാവുകയും ചെയ്യും. ഇവർ ഏഴാം ദിവസം അംഗീകൃത സെന്ററിൽ നിന്ന് ആന്റിജൻ പരിശോധന നടത്തണം.
ഈ പരിശോധനയിൽ നെഗറ്റീവാണെങ്കിൽ ഇഹ്തിറാസ് ആപ്ലിക്കേഷനിൽ സ്റ്റാറ്റസ് ഗ്രീൻ ആവുകയും ഐസൊലേഷൻ അവസാനിപ്പിക്കുകയും ചെയ്യാം. എട്ടാം ദിവസം മുതൽ ഇവർക്ക് ജോലിക്കും പോകാം. ഏഴാം ദിവസം നടത്തുന്ന ആന്റിജൻ പരിശോധനയിൽ ഫലം പോസിറ്റീവാണെങ്കിൽ പിന്നീട് മൂന്ന് ദിവസം കൂടി ഐസൊലേഷനിൽ തുടരണം. ഇവർക്ക് മൂന്ന് ദിവസം കൂടി സിക്ക് ലീവ് ലഭിക്കും. പതിനൊന്നാം ദിവസം ക്വാറന്റീൻ അവസാനിപ്പിക്കാൻ പിന്നീട് പരിശോധന നടത്തേണ്ടതില്ല.
Post Your Comments