എടപ്പാൾ: വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ചങ്ങരംകുളം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശി അർഷാദ് (20), കുമരനെല്ലൂർ സ്വദേശി വിഷ്ണു (19), പ്രായപൂർത്തിയാവാത്ത എടപ്പാൾ സ്വദേശി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. പൊന്നാനി റോഡിൽ പ്രതികളായ യുവാക്കൾ വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ചതോടെ വിദ്യാർഥിനി സമീപത്തെ ചായക്കടയിലേക്ക് കയറി. ഇതിനെപറ്റി ചായക്കടയിൽ ഉണ്ടായിരുന്ന യുവാവ് ചോദ്യം ചെയ്തതിൽ പ്രകോപിതരായ സംഘം യുവാവിനെ ക്രൂരമായി മർദിക്കുകയും മാരകായുധങ്ങൾ കൊണ്ട് തലയിലും മുഖത്തും ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
Read Also : മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുന്നു : പരാതിയുമായി യുവാവ്
എടപ്പാൾ ടൗണിലെ ഹോം ഗാർഡ് സംഭവസ്ഥലത്ത് എത്തിയതോടെ മൂന്ന് യുവാക്കളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളിൽ ഒരാളായ അർഷാദിനെ തടഞ്ഞു വെച്ച് ചങ്ങരംകുളം പൊലീസിന് കൈമാറി.
പരിക്കേറ്റ യുവാവ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments