തിരൂർ: ഓൺലൈൻ ആപ്പിലൂടെ വായ്പയെടുത്ത യുവാവിന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായി പരാതി. തിരൂർ കട്ടച്ചിറ കൊല്ലത്ത് പറമ്പിൽ റാഷിദാണ് ഓൺലൈൻ വായ്പ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീണത്.
സ്മാൾ ലോൺ – ക്രെഡിറ്റ് ലോൺ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത റാഷിദിന് കഴിഞ്ഞ 10ന് 3000 രൂപ വായ്പയെടുത്തിരുന്നു. വായ്പക്കായി റാഷിദിന്റെ പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ നൽകിയിരുന്നു.
അതിന് ശേഷം ഈ പണം തിരിച്ചടച്ചതിനെ തുടർന്ന് കഴിഞ്ഞ 17 ന് റാഷിദിന്റെ അനുമതിയില്ലാതെ വീണ്ടും 2980 രൂപ അക്കൗണ്ടിൽ വന്നു. ആവശ്യപ്പെടാതെ പണം വന്നത് അറിയിച്ചപ്പോൾ 5000 രൂപ ഉടൻ അയച്ചില്ലെങ്കിൽ റാഷിദിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് കോൺടാക്റ്റ് ലിസ്റ്റിലുള്ളവർക്കും സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ച് കുടുംബം തകർക്കുമെന്ന് വാട്സ് ആപ്പിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു.
Read Also : സഹകരണ ബാങ്കിൽ മോഷണം : പ്രതി 11 വർഷത്തിനുശേഷം അറസ്റ്റിൽ
വീണ്ടും 3000 രൂപ തിരിച്ചടച്ചിട്ടും പണം കിട്ടിയില്ലെന്നും 5000 രൂപ അടക്കണമെന്നും ആവശ്യപ്പെട്ട് റാഷിദിന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. റാഷിദിന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള നിരവധി പേർക്കാണ് വാട്സ് ആപ്പ് വഴി ഫോട്ടോ അയച്ചത്. ഇവരുടെ നമ്പറിൽ വിളിച്ചാൽ കണക്ട് ചെയ്യാൻ കഴിയുന്നില്ല. തുടർന്ന് തട്ടിപ്പ് സംഘത്തിനെതിരെ റാഷിദ് തിരൂർ പൊലീസിൽ പരാതി നൽകി.
Post Your Comments