ആലപ്പുഴ: തുഷാർ വെള്ളാപ്പള്ളിയും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരും വിവാഹത്തിൽ പങ്കെടുത്തതിനാൽ സിപിഎം ഏരിയ സമ്മേളന പ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെന്ന് ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ ഫെയ്സ് ബുക്ക് കുറിപ്പ്. ബാലസംഘം സംസ്ഥാന കോർഡിനേറ്ററും ആലപ്പുഴ തണ്ണീർമുക്കം ലോക്കൽ കമ്മിറ്റി അംഗവുമായ മിഥുൻ ഷായുടേതാണ് കുറിപ്പ്. കഴിഞ്ഞയാഴ്ചയായിരുന്നു വിവാഹം.
തുഷാറിനു പുറമേ ചേർത്തലയിലെ ബിഡിജെഎസ് സ്ഥാനാർത്ഥിയായിരുന്ന മുൻ സിപിഎം നേതാവ് അഡ്വ. പി എസ് ജ്യോതിസ്, പാർട്ടി പുറത്താക്കിയ എസ്എഫ്ഐ മുൻ സംസ്ഥാന ജോ. സെക്രട്ടറിയും വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്ന ലതീഷ് ബി ചന്ദ്രൻ എന്നിവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പോസ്റ്റിൽ പറയുന്നു.
പി. കൃഷ്ണപിളള സ്മാരകം തകർത്ത കേസുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട ആളാണ് ലതീഷ് ബി.ചന്ദ്രൻ. ഈ വിഷയത്തിൽ ഏരിയ സമ്മേളന പ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ നടപടി അംഗീകരിക്കുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും മിഥുൻ പറയുന്നു. മിഥുൻ്റെ സമൂഹ മാധ്യമ കുറിപ്പിലൂടെയാണ് ഒഴിവാക്കിയതിൻ്റെ കാരണം പുറത്തറിഞ്ഞത്. ഇന്നാണ് കഞ്ഞിക്കുഴി ഏരിയ സമ്മേളനം അർത്തുങ്കലിൽ തുടങ്ങുന്നത്. ആലപ്പുഴ ജില്ലയിലെ ആദ്യത്തെ ഏരിയ സമ്മേളനമാണ് കഞ്ഞിക്കുഴിയിലേത്.
Post Your Comments