ന്യൂഡല്‍ഹി: തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ട്രാക്ടര്‍ റാലി മാറ്റിവച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ ബോഡി യോഗത്തിലാണ് നവംബര്‍ 29ന് നടത്താനിരുന്ന ട്രാക്ടര്‍ റാലി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. വിവാദമായ മൂന്നു കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ 29ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് റാലി മാറ്റിവയ്ക്കുന്നത്.
അതേസമയം കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നും ഡിസംബര്‍ നാലിന് ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കുക, കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങുവില നിയമം വഴി ഉറപ്പാക്കുക, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിസാന്‍ മോര്‍ച്ച അയച്ച കത്തിന് കേന്ദ്രം രേഖാമൂലം മറുപടി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
വിവാദമായ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിക്കുകയും മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.
Post Your Comments