തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി സന്നിധാനത്തേക്ക് നീലിമല വഴി തീര്‍ത്ഥാടകരെ കടത്തിവിടാനുള്ള ഒരുക്കങ്ങളുമായി ദേവസ്വം ബോര്‍ഡ്. സര്‍ക്കാരിന്റെ ഉന്നതാധികാര സമിതിയുടെ അനുമതി ലഭിച്ചാല്‍ തീര്‍ത്ഥാടകരെ നീലിമലയിലൂടെ കടത്തിവിടും. കൊവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നീലിമലയിലൂടെ പോകുന്നതിന് തീര്‍ത്ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിന് പാതയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെയാണ് തീര്‍ത്ഥാടകരെ സന്നിധാനത്തേക്കും തിരികെ പമ്പയിലേക്കും വിടുന്നത്. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണമെന്ന ആവശ്യവും പരിഗണനയിലാണ്. സന്നിധാനത്ത് വിരി വയ്ക്കാനുള്ള അനുവാദം ഇല്ലാത്തതോടെ ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ പരാമാവധി വേഗത്തില്‍ മല ഇറങ്ങുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ മല കയറുകയും ഇറങ്ങുകയും ചെയ്യുന്നതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വെര്‍ച്വല്‍ ക്യൂവില്‍ 45,000 പേര്‍ക്ക് വരെ ബുക്കിംഗ് അനുവദിക്കുന്നുണ്ട്. വ്യാഴാഴ്ച വരെ 19 ലക്ഷം പേരാണ് വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തത്. കൊവിഡ് കുറയുന്നതിനാല്‍ ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്നാണ് ദേവസ്വംബോര്‍ഡിന്റെ ആവശ്യം.
Post Your Comments