ഡൽഹി: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് സോണിയ ഗാന്ധിയേയും കോൺഗ്രസിനേയും പരിഹസിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. ഒരു ഇറ്റാലിയനെ കോൺഗ്രസിലെ അടിമകൾ ഇത്രയധികം ഭയപ്പെടുന്നത് ലജ്ജാകരമെന്നാണ് സിടി രവി ട്വിറ്ററിൽ വ്യക്തമാക്കി.
നെഹ്റുവിന്റെ പരമ്പര സര്‍ദാര്‍ പട്ടേലിനെ എത്രമാത്രം ഭയപ്പെടുന്നു എന്നതിന് തെളിവാണ് ഈ വീഡിയോ എന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രത്തോടൊപ്പം സർദാർ പട്ടേലിന്റെ ചിത്രം വയ്ക്കാൻ ഇവർ വിസമ്മതിക്കുകയാണെന്നും രവി കൂട്ടിച്ചേർത്തു.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ ശിവകുമാറും സിദ്ധരാമയ്യയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനേക്കുറിച്ച് നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
ഇന്ന് പട്ടേലിന്റെ ജന്മദിനവുമാണെന്നും അദ്ദേഹത്തിന്റെ ചിത്രം ഇവിടെ ഇല്ലേ എന്നും സിദ്ധരാമയ്യ ചോദിക്കുന്നു. ഇന്ദിരാ അനുസ്മരണ പരിപാടിയില്‍ നമ്മള് പട്ടേലിന്റെ ചിത്രം വയ്ക്കാറില്ലെന്ന് ശിവകുമാർ മറുപടി നൽകി. അതേസമയം, പട്ടേലിന്റെ ചിത്രവും ഉൾപ്പെടുത്തണമെന്നും ഇല്ലെങ്കിൽ അക്കാര്യം ബിജെപി രാഷ്ട്രീയ ആയുധമാക്കുമെന്നും സിദ്ധരാമയ്യ പറയുന്നു. തുടർന്ന് ശിവകുമാർ പട്ടേലിന്റെ ചിത്രം വയ്ക്കാൻ നിർദേശം നൽകുകയായിരുന്നു.
Post Your Comments