മെക്സിക്കോ സിറ്റി: ലഹരി മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒൻപത് പേരെ കൊന്ന് പാലത്തിൽ കെട്ടിത്തൂക്കി. മെക്സിക്കോയിലെ സകാറ്റെകാസിലെ ഒരു മേൽപ്പാലത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാജ്യത്തെ പ്രധാന മയക്കുമരുന്ന് വിപണന കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം.
മെക്സിക്കോ സിറ്റിക്ക് വടക്ക് 550 കിലോമീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്ന പ്രദേശം. നടപ്പാതയിൽ നിന്നും കണ്ടെത്തിയ ഒരെണ്ണം കൂടി ചേർത്ത് ആകെ പത്ത് മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നത്. ലഹരി മാഫിയകളുടെ വിളനിലമായി അറിയപ്പെടുന്ന മെക്സിക്കോയിൽ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ എതിരാളി സംഘങ്ങൾ വരുന്നത് തടയുന്നതിനുള്ള മുന്നറിയിപ്പായും അധികാരികളേയും പ്രദേശവാസികളേയും ഭയപ്പെടുത്താനുമാണ് കുറ്റവാളികൾ ഈ രീതിയിൽ കൊലപാതകം നടത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ഈ വർഷം ഇതുവരെ 25,000ത്തിലധികം കൊലപാതകങ്ങളാണ് ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് റിപ്പോർട്ട്.
നവംബർ ആദ്യം മെക്സിക്കോയിൽ നടന്ന സമാനമായ ഒരു ആക്രമണത്തിൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വ്ളോഗർ പിറന്നാൾ ദിനത്തിൽ ദൗർഭാഗ്യകരമായി കൊല്ലപ്പെട്ടിരുന്നു.
Post Your Comments