കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം മാധ്യമങ്ങൾക്കും സ്ത്രീകൾക്കും എതിരായി ഏർപ്പെടുത്തിയ നിയമങ്ങളിൽ ആശങ്കയറിയിച്ച് മനുഷ്യാവകാശ സംഘടനകൾ. താലിബാന്റെ മാധ്യമ വിരുദ്ധ- സ്ത്രീവിരുദ്ധ നിയമങ്ങൾ അപകടകരമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് അഭിപ്രായപ്പെട്ടു. താലിബാൻ അധികാരികളെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകർക്ക് വധഭീഷണി നേരിടേണ്ടി വരുന്നതായും പ്രസിദ്ധീകരണത്തിന് മുൻപ് വാർത്തകളുടെ ഉള്ളടക്കം താലിബാന് മുന്നിൽ സമർപ്പിക്കേണ്ട സാഹചര്യമാണ് അഫ്ഗാനിസ്ഥാനിൽ നിലവിലുള്ളതെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടുന്നു.
ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്ന വനിതാ മാധ്യമ പ്രവർത്തകർ ഹിജാബ് ധരിക്കണമെന്നും സ്ത്രീകൾ കഥാപാത്രങ്ങളാകുന്ന വിനോദ പരിപാടികൾ നിരോധിക്കുകയാണെന്നും കഴിഞ്ഞ ദിവസം താലിബാൻ വ്യക്തമാക്കിയിരുന്നു.
താലിബാന്റെ പുതിയ മാർഗനിർദ്ദേശങ്ങൾ ഏകാധിപത്യപരവും മാധ്യമ വിരുദ്ധവുമാണ്. കലാരംഗത്ത് നിന്നും സ്ത്രീകളെ അകറ്റി നിർത്താനുള്ള നീക്കം അപരിഷ്കൃതമാണെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് നിരീക്ഷിക്കുന്നു. മാധ്യമ വാർത്തകളിൽ താലിബാൻ എന്ന് ഉപയോഗിക്കരുതെന്നും പകരം ഇസ്ലാമിക് എമിറേറ്റ്സ് എന്ന് മാത്രമേ ഉപയോഗിക്കാവൂ എന്നും കാണിച്ച് താലിബാൻ ഭീകരർ മാധ്യമ സ്ഥാപനങ്ങളിൽ എത്തി ഭീഷണി മുഴക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments