KeralaLatest NewsNews

ദീപാവലിയും, ഹോളിയും, ദസറയും എല്ലാം ആഘോഷിച്ച് ഇന്ത്യക്കാർ എന്തിനാണ് വെറുതെ പൈസ കളയുന്നത്: ജിതിൻ ജേക്കബ്

അമേരിക്കൻ ജനത സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് കണ്ടിട്ടുണ്ടോ? സ്വാതന്ത്ര്യം കിട്ടി ഏതാണ്ട് 250 വർഷം ആകാൻ പോകുന്ന ഈ കാലത്തും അമേരിക്കക്കാർ സ്വാതന്ത്ര്യ ദിനം വലിയ രീതിയിൽ ആഘോഷിക്കുന്നു.

കൊച്ചി: കേരള ജനത വിശ്വാസങ്ങളെ യുക്തി കൊണ്ട് ചോദ്യം ചെയ്ത് വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. സ്വാതന്ത്ര്യം കിട്ടി ഏതാണ്ട് 250 വർഷം ആകാൻ പോകുന്ന ഈ കാലത്തും അമേരിക്കക്കാർ സ്വാതന്ത്ര്യ ദിനം വലിയ രീതിയിൽ ആഘോഷിക്കുന്നുവെന്നും കേരളത്തിൽ ഓരോ വർഷം കഴിയുംതോറും നമ്മുടെ സംസ്‌കാരത്തെയും, പാരമ്പര്യത്തെയും, വിശ്വാസങ്ങളെയും നമ്മൾ തന്നെ പരിഹസിക്കുകയും, ഇകഴ്ത്തുകയും ചെയ്യുന്നുവെന്നും ജിതിൻ ജേക്കബ് തന്റെ ഫേ‌സ്‌ബുക്ക്‌ കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേ‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ദീപാവലിയും, ഹോളിയും, ദസറയും, ഗണേഷ് ചതുർത്ഥിയും എല്ലാം ആഘോഷിച്ച് ഇന്ത്യക്കാർ എന്തിനാണ് വെറുതെ പൈസ കളയുന്നത് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സത്യത്തിൽ ഈ അടുത്ത കാലം വരെ ഓണവും, വിഷുവും, ക്രിസ്മസും ഒക്കെ കച്ചവട താൽപ്പര്യങ്ങൾക്കായി ആരോ സൃഷ്ടിച്ചതാണ് അതിൽ പോയി തലവെയ്ക്കാതിരിക്കുക എന്ന കാഴ്ചപ്പാടായിരുന്നു എന്റേത്. സ്വാതന്ത്ര്യദിനമൊക്കെ വെറുമൊരു അവധി ദിവസം മാത്രം.

Read Also: കേരളം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കെ സുധാകരൻ

കഴിഞ്ഞ വിജയദശമി ദിനത്തിൽ ഞാൻ തമിഴ്‌നാട്ടിലായിരുന്നു. പെരിയാറിനെ പോലെയുള്ള കടുത്ത നിരീശ്വരവാദികളായ സാമൂഹിക പരിഷ്ക്കർത്താക്കൾ തമിഴ് ജനതയുടെ ജീവിതത്തിൽ ഇപ്പോഴും ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിട്ടും, നിരീശ്വരവാദികളുടെ പാർട്ടി എന്നറിയപ്പെടുന്ന ഡിഎംകെയുടെ ഭരണവും ഒക്കെയായിട്ടും തമിഴ്‌നാട്ടിൽ ഓരോ വിശേഷ ദിവസങ്ങളും വലിയ ആഘോഷമാണ്.
വിശ്വാസവും, സംസ്‌ക്കാരവും വിട്ടൊരു കളി അവർക്കില്ല. വിജയദശമി ദിനമൊക്കെ ഓരോ വീടുകളും, കടകളും, സ്ഥാപനങ്ങളും എല്ലാം ചെറുതെന്നോ, വലുതെന്നോ വ്യത്യാസമില്ലാതെ പരമ്പരാഗത രീതിയിൽ അലങ്കരിച്ചും മറ്റും അവർ ആഘോഷിക്കുന്നു. മുംബയിലെ ഗണേഷ് ചതുർത്ഥി ആഘോഷം കണ്ട് കണ്ണ് തള്ളി പോയിട്ടുണ്ട്. ഹോളിയും ദീപാവലിയും ഒക്കെ വലിയ ആഘോഷങ്ങളാണ് കേരളത്തിന്‌ പുറത്ത്.

സത്യത്തിൽ വിശ്വാസപരവും, സാംസ്‌ക്കാരികവുമായ ആഘോഷങ്ങളെക്കാൾ ഇവയൊക്കെ കുടുംബാംഗങ്ങളുടെ ഒത്തുചേരലും, സ്നേഹം പങ്കിടലും ഒക്കെയാണ്. ഇന്ത്യയിലെ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെ കുറിച്ച് ലോകം പോസിറ്റീവായി ചർച്ച ചെയ്യാറുണ്ട്. അതിന് ഏറ്റവുമധികം സാഹയകമാകുന്നത് ഇതുപോലുള്ള ആഘോഷങ്ങളാണ്. പരമ്പരാഗത രീതിയിലുള്ള ആചാരങ്ങളും, അനുഷ്‌ഠാനങ്ങളും, വേഷവിധാനങ്ങളും ഒക്കെ ഈ ആഘോഷ വേളകളിൽ നമുക്ക് കാണാനാകും.

അമേരിക്കൻ ജനത സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് കണ്ടിട്ടുണ്ടോ? സ്വാതന്ത്ര്യം കിട്ടി ഏതാണ്ട് 250 വർഷം ആകാൻ പോകുന്ന ഈ കാലത്തും അമേരിക്കക്കാർ സ്വാതന്ത്ര്യ ദിനം വലിയ രീതിയിൽ ആഘോഷിക്കുന്നു.
ഇനി നമ്മൾ കേരളത്തിലേക്ക് വന്നാലോ. ഓരോ വർഷം കഴിയുംതോറും നമ്മുടെ സംസ്‌കാരത്തെയും, പാരമ്പര്യത്തെയും, വിശ്വാസങ്ങളെയും നമ്മൾ തന്നെ പരിഹസിക്കുകയും, ഇകഴ്ത്തുകയും ചെയ്യുന്നു. ആഘോഷ ദിവസങ്ങളിൽ വിശ്വാസങ്ങളുടെ പേരിൽ വിവാദങ്ങൾ ഉണ്ടാക്കി തമ്മിലടിക്കുന്നു.
ഓണഘോഷങ്ങൾ ഈയിടെയായി എന്നും വിവാദങ്ങളിൽ ആണ് നിറയാറ്. വിശ്വാസങ്ങളെ യുക്തി കൊണ്ട് ചോദ്യം ചെയ്ത് വിവാദങ്ങൾ ഉണ്ടാക്കുന്നു. എല്ലാവരും ആഘോഷിക്കുന്ന ഓണത്തെ പോലും അതിന്റെ വിശ്വാസങ്ങളുടെ പേരിൽ ഇകഴ്ത്തി കെട്ടാൻ ശ്രമിക്കുന്നു.

സ്വാതന്ത്ര്യ ദിനമൊക്കെ ആഘോഷിക്കുന്നതിനെ പരിഹസിക്കുന്ന ധാരാളം പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. ജെല്ലിക്കെട്ടും, തൃശൂർ പൂരത്തിന് ആനയെ എഴുന്നുള്ളിക്കുന്നതും മൃഗങ്ങളോടുള്ള ക്രൂരതയായി ചിത്രീകരിക്കുന്നവർ സ്പെയിനിലെ കാളപ്പോരിനെ മഹത്വവൽക്കരിച്ച് പത്ത് പേജ് ഉപന്യാസം എഴുതും.
ദീപാവലി ദിവസം പടക്കം പൊട്ടിക്കുന്നത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുമത്രേ. പടക്കം പൊട്ടിക്കുന്നത് വർഷത്തിൽ ഒരു ദിവസം മാത്രമാണ്, ബാക്കിയുള്ള 364 ദിവസവും ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നത് ഈ ഒരു ദിവസത്തെ പടക്കം പൊട്ടിക്കൽ മൂലമാണോ? ഇന്ത്യയുടെ സാംസ്ക്കാരിക വൈവിധ്യത്തെയും, ഭൂരിപക്ഷ ജനതയുടെ വിശ്വാസങ്ങളെയും എല്ലാം പരിഹസിക്കുന്നതും, അവഹേളിക്കുന്നതും ഒരു ജനതയുടെ ആത്മവീര്യത്തെ കെടുത്താൻ മാത്രമല്ല മറിച്ച് മറ്റൊരു സാംസ്ക്കാരിക അധിനിവേശത്തിനും കൂടിയാണ്.

‘Should we allow kids to unleash terror on the streets in the name of holi’ എന്നൊക്ക പച്ചക്ക് ചോദിക്കുന്നവർ മറുവശത്ത് ചിലർ ഭക്ഷണത്തിന്റെയും, വസ്ത്രധാരണത്തിന്റെയും ഒക്കെ പേരിൽ നടത്തുന്ന സാംസ്ക്കാരിക അധിനിവേശത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പാണ് ഇന്ത്യയുടെ ശക്തി. ദീപാവലി പോലുള്ള ആഘോഷങ്ങളാണ് അതിന് കൂടുതൽ കരുത്ത് നൽകുന്നത്. അതിനെയാണ് തകർക്കാൻ നോക്കുന്നത്. ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് എന്തോ കുറച്ചിലായി കരുതുന്ന ഒരു സ്ഥിതിയിലേക്ക് നമ്മുടെ സമൂഹം പോകുകയാണ്.

സത്യത്തിൽ വലിയ അപകടത്തിലേക്കാണ് നമ്മൾ പോകുന്നത്. പുരോഗമനം പറഞ്ഞ് സ്വന്തം സംസ്‌കാരത്തെയും, വിശ്വാസങ്ങളെയും, ആചാരങ്ങളെയും തള്ളിക്കളയുന്നവർ സ്വയം കുഴി തോണ്ടുകയാണ്. പല യുവതീ യുവാക്കളും തീവ്രവാദ ഗ്രൂപ്പുകളിലൊക്കെ ചെന്ന് വീഴാനുള്ള പ്രധാന കാരണം സ്വന്തം സംസ്‌കാരത്തെയും വിശ്വാസങ്ങളെയും കുറിച്ച് അവർക്ക് ബോധ്യം ഇല്ലാത്തത് കൊണ്ടാണ്. എനിക്ക് തോന്നുന്നത് ഓരോ ചെറിയ വിശേഷ ദിവസങ്ങൾ പോലും നമ്മൾ കുടുംബസമേതം ആഘോഷിക്കണം എന്നാണ്. അതിലൂടെ നമ്മൾ നമ്മുടെ തലമുറകളെ പോലും വലിയ അപകടങ്ങളിൽ നിന്ന് രക്ഷിക്കുകയാണ്. പലർക്കും തമാശയായി ഇത് തൊന്നും എങ്കിലും കാലം ഈ പറഞ്ഞത് ശരിയാണെന്നു തെളിയിക്കും. ഇവിടെയിരുന്ന് പുരോഗമനവും, നവോത്ഥാനവും തള്ളിമറിക്കുന്ന കമ്മ്യൂണിസ്റ്റുകാർ ചൈനക്കാരുടെ സാംസ്ക്കാരികവും, പരമ്പരാഗതവുമായ ആഘോഷങ്ങൾ കണ്ടാൽ വായും പൊളിച്ച് നിന്ന് പോകും.

ലോകത്ത് എല്ലാ സമൂഹങ്ങളും അവരുടെ പാരമ്പര്യത്തിലും, സംസ്‌ക്കാരത്തിലും അഭിമാനം കൊള്ളുന്നവരാണ്. വെറും 400-500 വർഷം മാത്രം ചരിത്രമുള്ള അമേരിക്കൻ ജനത അവരുടെ പാരമ്പര്യത്തെ മുറുകെ പിടിച്ച് ആഘോഷിക്കുമ്പോൾ, 5000 വർഷത്തെ സംസ്ക്കാരം ഉള്ള നമ്മൾ ആരെയൊക്കെയോ തൃപ്തിപ്പെടുത്താൻ അല്ലെങ്കിൽ ആരെയൊക്കെയോ പേടിച്ച് സ്വന്തം വിശ്വാസങ്ങളിൽ നിന്നും, ആചാരങ്ങളിൽ നിന്നും ഒളിച്ചോടുന്നു.

നമ്മൾ മാറിയേ പറ്റൂ. വിശേഷ ദിവസങ്ങൾ ഏതുമായിക്കൊള്ളട്ടെ കടുംബ സമേതം നമ്മൾ ആഘോഷിക്കണം. അത് നമ്മളിലും നമ്മുടെ കുടുംബ ബന്ധങ്ങളിലും ഉണ്ടാക്കുന്ന പോസിറ്റീവ് വൈബ്സ് പറഞ്ഞറിയിക്കാൻ കഴിയാത്തത്തിലും അപ്പുറമാണ്. ആയിരക്കണക്കിന് വർഷങ്ങളായി ആഘോഷിക്കുന്നവയൊക്കെ ഇനിയും ശക്തമായി തന്നെ തുടർന്നു പോണം. അത് നമുക്ക് നൽകുന്ന സന്തോഷം വേറൊന്നിനും നൽകാൻ ആകില്ല.. എല്ലാവർക്കും ദീപാവലി ആശംസകൾ..

shortlink

Related Articles

Post Your Comments

Related Articles


Back to top button