വൈത്തിരി: അർധരാത്രി കക്കൂസ് മാലിന്യം റോഡിൽ തള്ളുന്നതിനിടെ രണ്ടുപേർ പൊലീസ് പിടിയിൽ. പെരിന്തല്‍മണ്ണ സ്വദേശികളായ ഔഞ്ഞിക്കാട്ടില് മുനീര്‍ (45), കിഴക്കേക്കര മുഹമ്മദ് (26) എന്നിവരെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരക്ക് നടുറോഡിൽ കക്കൂസ് മാലിന്യം തള്ളുന്നതിനിടെ കെ.എല്‍ 40 ഇ 7230 നമ്പർ ടാങ്കര്‍ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read:വില്ലേജ് ഓഫിസറുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന : റെയ്ഡ് നടന്നത് ഒരേസമയത്ത് മൂന്നിടങ്ങളിൽ
അർധരാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനം അസ്വാഭാവികമായി ഒരു ടാങ്കർ കണ്ടപ്പോൾ സംശയം പ്രകടിപ്പിക്കുകയും തുടർന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു. പോലീസിനെ കണ്ട് ടാങ്കറുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്ന്നാണ് പിടികൂടിയത്. തുടർന്ന് പൊലീസ് തന്നെ മാലിന്യം തള്ളിയ സ്ഥലം പ്രതികളെക്കൊണ്ടുതന്നെ വൃത്തിയാക്കിച്ചു.
കുറച്ചധികം നാളുകളായി വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും പുഴയോരത്തും മറ്റും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതിനു പിറകിൽ പിടിയിലായ പ്രതികളാണെന്നാണ് പൊലീസ് കരുതുന്നത്. ജില്ലയിലെ വിവിധ റിസോര്‍ട്ടുകളില്‍നിന്ന് മാലിന്യം ശേഖരിച്ച് ഒറ്റപ്പെട്ട സ്ഥലത്ത് തള്ളുന്നതായാണ് പൊലീസ് സംശയിക്കുന്നത്.
Post Your Comments