അഗര്‍ത്തല: ത്രിപുരയില്‍ അവസാന രക്തം വീഴുന്നതുവരെ പൊരുതുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. മമതാ ബാനർജി വരുമെന്നും ത്രിപുരയില്‍ ബി.ജെ.പി ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുമെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു. മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ ‘ബിഗ് ഫ്ലോപ് ദേബ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് .അഗര്‍ത്തലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബിപ്ലബ് ദേബ് ഇപ്പോള്‍ ബിഗ് ഫ്ലോപ് ദേബാണ്. ത്രിപുരയിലെ ജനങ്ങളുടെ വികാരത്തെ അദ്ദേഹം തൊട്ടുകളിക്കുന്നു. ഭരണത്തില്‍ വന്‍ പരാജയമാണെന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്തിനെയാണ് ബിപ്ലബ് ദേബ് ഭയക്കുന്നത്? ടി.എം.സിയുടെ സാന്നിധ്യം കണ്ട് എന്തുകൊണ്ട് അദ്ദേഹം രോഷാകുലനാകുന്നു? ത്രിപുരയിലെ ജനങ്ങള്‍ക്കായി അദ്ദേഹം ഒന്നും ചെയ്തില്ല. അവര്‍ക്ക് വിശ്വസനീയമായ ഒരു ബദലുണ്ടെന്ന് നിങ്ങള്‍ മനസിലാക്കണം. നിങ്ങള്‍ ഞങ്ങളെ തടയുകയാണോ?’, അഭിഷേക് ബാനർജി ചോദിച്ചു.
‘ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി ഡിസംബറില്‍ ത്രിപുര സന്ദര്‍ശിക്കും. സ്വാമി വിവേകാനന്ദ സ്റ്റേഡിയത്തില്‍ വലിയ റാലി സംഘടിപ്പിക്കുകയും ചെയ്യും. ബിപ്ലബ് ദേബ്, നിങ്ങളുടെ തന്ത്രങ്ങളൊന്നും അവിടെ പ്രവര്‍ത്തിക്കില്ല. ത്രിപുരയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ടി.എം.സിയുടെ പോരാട്ടം. ഞങ്ങളുടെ അവസാന രക്തം വീഴുന്നതുവരെ പൊരുതും. ഇത് ഞങ്ങളുടെ വാഗ്ദാനമാണ്. ഞങ്ങള്‍ ത്രിപുരയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും ചെയ്യും’, അഭിഷേക് കൂട്ടിച്ചേര്‍ത്തു.
Post Your Comments