തിരുവനന്തപുരം: ഇന്ത്യൻ ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്നത് താലിബാനാണോയെന്ന് സോഹൻ റോയ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടുകൾക്കെതിരെയായിരുന്നു സോഹൻ റോയുടെ ആരോപണം. തിരുവനന്തപുരത്തെ ഏരീസ് പ്ലക്സ് തിയേറ്ററിലേക്ക് മലയാള സിനിമകൾ നൽകില്ലെന്നും ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നുമായിരുന്നു അസോസിയേഷന്റെ തീരുമാനം. എന്നാൽ ഈ തീരുമാനം നഷ്ടം മാത്രമാകും കൊണ്ടുവരികയെന്നും ആയതിനാൽ തിയേറ്റർ അടച്ചുപൂട്ടുകയാണെന്നും ഉടമയായ സോഹൻ റോയ് വ്യക്തമാക്കി.
നിർമാതാക്കളുടെ സംഘടന താലിബാനിസം നടപ്പാക്കുന്നുവെന്നും സോഹൻ റോയ് പ്രതികരിച്ചു. ഏരീസിൽ ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ലഭിച്ചിരിക്കുന്ന നിർദേശം. എന്നാൽ ഇംഗ്ളീഷ് സിനിമ മാത്രം പ്രദർശിപ്പിച്ച് ഇത്രയും വലിയ ഒരു തീയേറ്റർ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് അദ്ദേഹം മാതൃഭൂമിയോട് പ്രതികരിച്ചു.
‘സിനിമയെ സ്നേഹിക്കുന്ന വ്യക്തിക്ക് ഒരിക്കലും ഇങ്ങനെ ചെയ്യാൻ പറ്റില്ല. ഇതിന്റെ പിന്നിൽ ആര് പ്രവർത്തിച്ചാലും ശരി, അയാൾ പോസിറ്റീവ് ചിന്താഗതിയുള്ള ചിന്താആളായിരിക്കില്ല. കുറ്റവാളിയുടെ മാനസികാവസ്ഥയുള്ള ആരോ ആണ് ഇതിന് പിന്നിൽ. താലിബാനാണോ ഇന്ത്യൻ ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്നതെന്ന് സംശയമുണ്ട്. അല്ലാതെ സാധാരണ മനുഷ്യരിൽ നിന്ന് ഇങ്ങനെയുള്ള നീക്കങ്ങളുണ്ടാവാൻ സാധ്യതയില്ല’, സോഹൻ റോയ് വ്യക്തമാക്കി.
Post Your Comments