കാബൂള്‍ : താന്‍ കൊല്ലപ്പെട്ടിട്ടില്ല, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് താലിബാന്റെ പരമോന്നത നേതാവ് മുല്ലാ ഹിബത്തുല്ല അഖുന്‍സാദ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. കാണ്ഡഹാറില്‍ നടന്ന പരിപാടിയിലാണ് അഖുന്‍സാദ പൊതുവേദിയിലെത്തിയത്. മുഖ്യധാരയില്‍ നിന്നും വിട്ട് നിന്നതോടെ അഖുന്‍സാദ മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
കാണ്ഡഹാറിലെ ജാമിയ ദാരുള്‍ അലൂം ഹക്കിമിയ സ്‌കൂളിലെ പരിപാടിയ്ക്കാണ് അഖുന്‍സാദ പങ്കെടുക്കാന്‍ എത്തിയത്. മുതിര്‍ന്ന താലിബാന്‍ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു അഖുന്‍സാദയുടെ രണ്ടാം രംഗപ്രവേശം. ഇതോടെ അഖുന്‍സാദയുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്ന ഊഹാപോഹങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്.
കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി അഖുന്‍സാദയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. അഫ്ഗാനില്‍ താലിബാന്‍ ഭരണത്തിലേറിയതിന് ശേഷവും പ്രതികരണം ലഭിക്കാതെ വന്നതോടെയാണ് അഖുന്‍സാദയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുറത്തുവരാന്‍ ആരംഭിച്ചത്. നിര്‍ണായക സംഭവങ്ങള്‍ അരങ്ങേറുമ്പോഴും പൊതുയിടങ്ങളില്‍ നിന്നും അഖുന്‍സാദ വിട്ടു നിന്നത് താലിബാനില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് വരെ കാരണമായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും, മരിച്ചുവെന്നുമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ ഉണ്ടായ ഒരു ചാവേര്‍ ആക്രമണത്തില്‍ അഖുന്‍സാദ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Post Your Comments