ന്യൂഡൽഹി: കോവിഡിന്റെ പുതിയ ഡെൽറ്റ വകഭേദമായ എ.വൈ 4.2 ഇന്ത്യയിൽ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കിഴക്കൻ യൂറോപ്പിലും ബ്രിട്ടനിലും ഇതിനുമുമ്പ് റിപ്പോർട്ട് ചെയ്ത എ.വൈ 4.2 മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ 30ൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ജീനോം റിപ്പോർട്ട് പ്രകാരം ഇൻഡോറിൽ ഏഴു കേസുകളാണ് പുതിയ വകഭേദത്തിന്റെതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരായ ഏഴുപേരിൽ രണ്ടുപേർ ആർമി ഉദ്യോഗസ്ഥന്മാരാണെന്നും ഇൻഡോർ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫിസർ ഡോ. ബി.എസ്. സത്യ പറഞ്ഞു.
ഡെൽറ്റ വകഭേദത്തേക്കാൾ പകർച്ചവ്യാപന ശേഷി എ.വൈ 4.2 വകഭേദത്തിന് കൂടുതലാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അതേസമയം, ഡെൽറ്റ- ആൽഫ വകഭേദങ്ങളെപ്പോലെ വലിയ ഭീഷണി പുതിയ വൈറസ് ഉയർത്തില്ലെന്നും വിദഗ്ധര്‍ പറയുന്നു. യു.കെയില്‍ ശരാശരിയിൽ ഏകദേശം ആറുശതമാനം കേസുകളും ഈ പുതിയ വകഭേദത്താലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ജര്‍മനി, ഡെന്‍മാര്‍ക്ക്, റഷ്യ, ഇസ്രയേല്‍ എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിരുന്നു.
Post Your Comments