തിരുവനന്തപുരം : കുഞ്ഞിനെ താനറിയാതെ പിതാവും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയെന്ന അനുപമയുടെ ആരോപണത്തിന് മറുപടിയുമായി അച്ഛന്‍ പി.എസ് ജയചന്ദ്രന്‍ രംഗത്ത് എത്തി. ശിശുക്ഷേമ സമിതിയ്ക്കു മുമ്പില്‍ അനുപമയെ കാറിലിരുത്തിയ ശേഷമാണ് കുഞ്ഞിനെ സമിതിയ്ക്കു കൈമാറിയതെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ജയചന്ദ്രന്‍ വ്യക്തമാക്കി. അനുപമയുടെ ആവശ്യപ്രകാരമുള്ള നിബന്ധനകള്‍ എഴുതിച്ചേര്‍ത്താണ് സമ്മതപത്രം തയ്യാറാക്കിയതെന്നും ജയചന്ദ്രന്‍ പറയുന്നു.
അജിത് മകളെ പ്രണയിച്ചത് പണം ലക്ഷ്യമാക്കി മാത്രമാണ്. ക്രിസ്തുമതത്തില്‍ നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്ത് 30 വര്‍ഷക്കാലമായി ഒരുമിച്ച് ജീവിക്കുന്ന താന്‍ ജാതിവാദിയാണെന്ന ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും ജയചന്ദ്രന്‍ ചോദിക്കുന്നു. മാത്രമല്ല അജിത്തിന്റെ ആദ്യ വിവാഹം തന്നെ അത്ര നേരായ രീതിയിലുള്ളതായിരുന്നില്ലെന്നും ഇദ്ദേഹം പറയുന്നു. സ്വന്തം സുഹൃത്തിന്റെ ഭാര്യയെ വിളിച്ചിറക്കിക്കൊണ്ടുവന്നാണ് അജിത് ആദ്യം വിവാഹം ചെയ്തത്. ഒമ്പത് വര്‍ഷത്തോളം ആദ്യ ഭാര്യയായ നസിയയ്ക്കൊപ്പം ഇയാള്‍ ജീവിച്ചു. ആ ബന്ധം നിലനില്‍ക്കെത്തന്നെയാണ് അനുപമയെ പ്രണയിച്ച് ഗര്‍ഭിണിയാക്കിയത്.
അതേസമയം, അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്തുകൊടുത്തതെന്ന് അജിത്തിന്റെ ആദ്യ ഭാര്യ വെളിപ്പെടുത്തി. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നുമാണ് ആദ്യ ഭാര്യ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്. തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യ ആരോപിച്ചിട്ടുണ്ട്.
Post Your Comments