തിരുവനന്തപുരം: പേരൂര്‍ക്കടയിലെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പുതിയ ആവശ്യം ഉന്നയിച്ച് കുഞ്ഞിന്റെ അമ്മ അനുപമ. കേസ് കഴിയും വരെ കുട്ടിയെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യമാണ് മാതാപിതാക്കളായ അനുപമയും അജിത്തും ഉന്നയിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ചുള്ള പരാതി അനുപമയും അജിത്തും ഡിജിപി അനില്‍കാന്തിനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണും ഇന്ന് നല്‍കി. ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട തിരുവനന്തപുരം കുടുംബകോടതി നിയമപരമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കുഞ്ഞ് ഇപ്പോഴും ദത്ത് എടുത്ത ദമ്പതികളുടെ പക്കല്‍ തന്നെ ആണ്.
‘ആ കുഞ്ഞിന്റെ മാതാവാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ഞാന്‍, എന്റെ കുഞ്ഞിനെ ദമ്പതികള്‍ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് നാട് കടത്തുമെന്നും ജീവന്‍ അപായപ്പെടുത്തുമെന്നും ഭയക്കുന്നു. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആയിരിക്കും’ – അനുപമ ആരോപിച്ചു.
കോടതി ഉത്തരവ് പ്രകാരം ദത്ത് നിര്‍ത്തിവയ്ക്കാനുള്ള നിയമനടപടികള്‍ സ്വീകരിക്കുകയും ആന്ധ്രാ സ്വദേശികളായ ദമ്പതിമാരില്‍ നിന്നും കുഞ്ഞിനെ ഏറ്റെടുത്ത് കേസ് തീര്‍പ്പാകും വരെ സര്‍ക്കാര്‍ അധീനതയില്‍ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് അനുപമ ആവശ്യപ്പെടുന്നത്.
Post Your Comments