ദുബായ്: കോടികൾ വിലയുള്ള കെട്ടിട നിർമ്മാണ ഉപകരണങ്ങൾ മോഷ്ടിച്ചു വിറ്റ സെക്യൂരിറ്റി ഗാർഡുകൾക്ക് ശിക്ഷ വിധിച്ച് കോടതി. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഉപകരണം മോഷ്ടിച്ച് വിറ്റ രണ്ടു സെക്യൂരിറ്റി ഗാർഡുകൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. ആറ് മാസം ജയിൽ ശിക്ഷയുടെ കാലാവധി.
മോഷണത്തിന് ശേഷം രാജ്യം വിട്ട ഇരുവർക്കും ഇവരുടെ അസാന്നിദ്ധ്യത്തിലാണ് ദുബായ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. 15.6 ലക്ഷം ദിർഹം (മൂന്ന് കോടിയിലധികം രൂപ) വില വരുന്ന കെട്ടിട നിർമാണ ഉപകരണമാണ് ഇവർ മോഷ്ടിച്ച് വിറ്റതെന്ന് അധികൃതർ വ്യക്തമാക്കി.
ജബൽ അലി ഏരിയയിലെ ഒരു സ്ഥാപനത്തിലാണ് സെക്യൂരിറ്റി ഗാർഡുകളായി ഇരുവരും ജോലി ചെയ്തിരുന്നത്. സെക്യൂരിറ്റി ഗാർഡുമാരായി ജോലി ചെയ്തിരുന്ന പ്രതികളെ അവരുടെ സ്ഥലങ്ങളിൽ കാണാനില്ലെന്നും ഫോണുകൾ സ്വിച്ച് ഓഫാണെന്നും സ്ഥാപനത്തിലെ മറ്റ് ജീവനക്കാരാണ് അറിയിച്ചതെന്ന് കേസിലെ സാക്ഷി കോടതിയിൽ മൊഴി നൽകി. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കോടികൾ വിലമതിക്കുന്ന ഉപകരണം കാണാനില്ലെന്ന് മനസിലാക്കിയത്. പത്ത് ദിവസം മുമ്പെങ്കിലും മോഷണം നടന്നതായാണ് കണ്ടെത്തിയതെന്നും ഉപകരണം മറ്റൊരാൾക്ക് വിറ്റുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
സ്ഥാപനത്തിലെ ജീവനക്കാരിലൊരാൾ പ്രതികളിലൊരാളെ വാട്‌സ് ആപ്പിൽ ബന്ധപ്പെട്ടപ്പോൾ അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഉപകരണം മോഷ്ടിച്ച് തങ്ങൾ പണം കൈക്കലാക്കിയെന്ന് ഇയാൾ സമ്മതിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരാളെക്കുറിച്ചുള്ള വിവരവും ഇയാൾ കൈമാറി. ഉപകരണങ്ങൾ കടത്താൻ തങ്ങളെ സഹായിച്ചയാളെ കുറിച്ചുള്ള വിവരമാണ് സെക്യൂരിറ്റി ഗാർഡ് കൈമാറിയത്.
Post Your Comments