
കോഴിക്കോട് : താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ പത്താം ക്ലാസ്സ് വിദ്യാര്‍ഥി ചുങ്കം പാലോറക്കുന്നിലെ ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ പുറത്ത്. കട്ടിയുള്ള ആയുധം കൊണ്ടുള്ള അടിയിലാണ് പരുക്കേറ്റതെന്നും അടിയുടെ ആഘാതത്തില്‍ തലയോട്ടി പൊട്ടിയ നിലയിലാണെന്നും റിപോര്‍ട്ടിലുണ്ട്.
വലത് ചെവിയുടെ മുകള്‍ഭാഗത്തായാണ് പൊട്ടല്‍. നെഞ്ചിനേറ്റ മര്‍ദനത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായി. കണ്ണിനും ശക്തമായ മര്‍ദ്ദനമേറ്റു. തലയോട്ടി തകര്‍ന്നതാണ് മരണ കാരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയത്. അല്‍പ്പ സമയത്തിനകം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. മയ്യിത്ത് നാട്ടിലെത്തിച്ച് കിടവൂർ പള്ളി മദ്റസയിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാലരക്കാണ് ഖബറടക്കം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഷഹബാസ് ഇന്നലെ രാത്രി 12.30ഓടെയാണ് മരിച്ചത്. കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ഥികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഒബ്‌സര്‍വേഷന്‍ റൂമിലേക്കാണ് മാറ്റിയത്. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയായിരുന്നു നടപടി.
ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു. ജില്ലാ പോലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വിശദീകരണം തേടിയിട്ടുണ്ട്. ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു.
Post Your Comments