
ദുബായ് : എമിറേറ്റിലെ കൂടുതൽ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർറ്റിഎ) അറിയിച്ചു. ഇതോടൊപ്പം കൂടുതൽ മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകളിലും സൗജന്യ വൈ-ഫൈ സേവനം നടപ്പിലാക്കിയിട്ടുണ്ട്. ടെലികമ്യൂണിക്കേഷൻസ് സ്ഥാപനമായ ‘e&’-യുമായി (ഇത്തിസലാത്ത്) ചേർന്നാണ് ഈ സേവനം നൽകുന്നത്.
ഇതിന്റെ ഭാഗമായി ദുബായിലെ 29 ബസ്, മറൈൻ സ്റ്റേഷനുകളിൽ ഇപ്പോൾ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ 17 പൊതു ബസ് സ്റ്റേഷനുകളും, 12 മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകളും ഉൾപ്പെടുന്നു. യാത്രികർക്ക് ഈ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് യാത്രാവേളകളിൽ തങ്ങളുടെ സ്മാർട്ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാവുന്നതാണ്.
താമസിയാതെ നഗരത്തിലെ മുഴുവൻ ആർറ്റിഎ സ്റ്റേഷനുകളെയും ഉൾപ്പെടുത്തുന്ന രീതിയിൽ (21 ബസ് സ്റ്റേഷനുകൾ, 22 മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകൾ) ഈ സേവനം വ്യാപിപ്പിക്കുമെന്ന് ആർറ്റിഎ പബ്ലിക് ട്രാൻസ്‌പോർട് ഏജൻസി ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ർ ഖാലിദ് അബ്ദുൾറഹ്മാൻ അൽ അവാദി അറിയിച്ചിട്ടുണ്ട്.
2025-ന്റെ രണ്ടാം പാദത്തിൽ ഈ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് ആർറ്റിഎ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം 2024 ഡിസംബറിൽ ആർറ്റിഎ നടപ്പിലാക്കിയിരുന്നു.
Post Your Comments