KeralaLatest NewsIndia

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി തയ്യാറെന്ന് മന്ത്രി, ജനങ്ങൾ യാത്ര ഒഴിവാക്കണം

എല്ലാ ജില്ലകളിലെ ആര്‍ടിഒ മാരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ഏത് അടിയന്തിര സാഹചര്യത്തേയും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ തന്നെ തുടരുകയാണ് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഴക്കെടുതി രൂക്ഷമായ കോട്ടയം ജില്ലയില്‍ വ്യോമസേനയുടെ സേവനവും ആര്‍മിയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള 5 റെസ്‌ക്യൂ കം ആംബുലന്‍സ് ബോട്ടുകളോട് ജാഗ്രത പാലിക്കാനും, ആവശ്യമായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താനും ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസിയുടെ സേവനം വിട്ടു നല്‍കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ചില്‍ ഉള്ള പ്രദേശങ്ങളില്‍ കെഎസ്‌ആര്‍ടിസിയുടെ സര്‍വ്വീസ് താല്ക്കാലികമായി നിര്‍ത്തി വയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ജനങ്ങള്‍ യാത്ര പരമാവധി ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലെ ആര്‍ടിഒ മാരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ഏത് അടിയന്തിര സാഹചര്യത്തേയും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

അതിനായി അവരുടെ കീഴില്‍ വരുന്ന പ്രദേശങ്ങളിലെ ജെസിബി, ടിപ്പര്‍, ക്രെയിന്‍, ആംബുലന്‍സ് തുടങ്ങിയവയുടെ ലിസ്റ്റ് തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആളുകളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നാല്‍ അതിനേ ആവശ്യമുള്ള വാഹനങ്ങള്‍ സജ്ജമാക്കണം. ജില്ലാ കളക്ടറേറ്റിലുള്ള ദുരന്തനിവാരണ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button