പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 16ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി വൈകുന്നേരം 5 മണിക്ക് നട തുറന്ന് വിളക്കുകള്‍ തെളിക്കും. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.
തുലാമാസം ഒന്നായ ഒക്ടോബര്‍ 17ന് രാവിലെ 5 മണിക്ക് നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് പൂജകളും നെയ്യഭിക്ഷേകവും ഗണപതി ഹോമവും നടക്കും. ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന 10 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളാണ് നറുക്ക് എടുക്കുക. മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും നടക്കും. 9 പേരാണ് മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.
ഒക്ടോബര്‍ 17 മുതല്‍ 21 വരെ ഭക്തര്‍ക്ക് ശബരിമലയിലേക്ക് പ്രവേശിപ്പിക്കാം. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ക്ക് മാത്രമാണ് പ്രവശനാനുമതി. ബുക്കിംഗ് ലഭിച്ചവര്‍ കോവിഡ് 19 പ്രതിരോധത്തിന്റെ രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 21ന് അടയ്ക്കും.
Post Your Comments