KeralaLatest NewsNews

കൂടുതൽ ശിക്ഷക്കുള്ള തെറ്റ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ചെയ്തിട്ടില്ല: രജിതയെ സംരക്ഷിച്ച് ഐ ജിയുടെ റിപ്പോർട്ട്

കഴിഞ്ഞ ഓഗസ്റ്റിൽ ആറ്റിങ്ങലിൽ വെച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്

തിരുവനന്തപുരം: മോഷണക്കുറ്റമാരോപിച്ച് എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ സംരക്ഷിച്ച് ഐ ജിയുടെ റിപ്പോർട്ട്. രജിതയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്നും കൂടുതൽ നടപടിക്കുള്ള തെറ്റ് അവർ ചെയ്തിട്ടില്ലെന്നും ഐ ജി ഹർഷിത അത്തല്ലൂരി ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

മൊബൈൽ കാണാതായപ്പോൾ പൊലീസുകാരി ജാഗ്രത പുലർത്തിയില്ലെന്നും അച്ഛനോടും മകളോടും ഇടപ്പെട്ട രീതിയിൽ വീഴ്ച ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായിട്ടില്ല. തെറ്റ് പറ്റിയെന്ന് അറിഞ്ഞിട്ടും അത് അംഗീകരിക്കാനോ മാപ്പ് പറയാനോ തയ്യാറായില്ലെന്നും ഈ കുറ്റത്തിന് ഉദ്യോഗസ്ഥയെ ജില്ല വിട്ട് സ്ഥലം മാറ്റിയിരുന്നെന്നും 15 ദിവസത്തെ പരിശീലനത്തിന് അയയ്ക്കുകയും ചെയ്തെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനു മുമ്പ് ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥയ്ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. അന്ന് സമർപ്പിച്ച റിപ്പോർട്ടിനെ ശരിവയ്ക്കുന്ന രീതിയിലാണ് ഐ ജി ഹർഷിത അത്തലൂരിയുടെയും റിപ്പോർട്ടിലെ പരാമർശങ്ങൾ.

കഴിഞ്ഞ ഓഗസ്റ്റിൽ ആറ്റിങ്ങലിൽ വെച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡിൽ വെച്ച് ആളുകൾ നോക്കിനിൽക്കെ ചോദ്യം ചെയ്തത്. പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button