തിരുവനന്തപുരം: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് ലഭിച്ച നഷ്ടപരിഹാര തുകയുടെ ഒരുഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്ന് പെണ്‍കുട്ടിയുടെ അച്ഛനും തോന്നയ്ക്കല്‍ സ്വദേശിയുമായ ജയചന്ദ്രന്‍ പറഞ്ഞു. മകളെ ഇനിയെങ്കിലും കരയിക്കരുതെന്ന് പറഞ്ഞ ജയചന്ദ്രന്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.
Read Also : വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെ പാലോട് വനമേഖലയില്‍ നിന്ന് കണ്ടെത്തി
നാല് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി ഉണ്ടായത്. എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പണത്തിന് വേണ്ടിയല്ല മകളുടെ നീതിക്ക് വേണ്ടിയാണ് പോരാടിയതെന്ന് ജയചന്ദ്രന്‍ പറഞ്ഞു. നഷ്ടപരിഹാരത്തിന് പുറമേ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാപൊലീസ് മേധാവിയോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആര്‍.ഒയുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെയാണ് മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയതെന്ന് ജയചന്ദ്രന്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്ന് തന്നെ കണ്ടെത്തി.
Post Your Comments