തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ സ്ട്രീം ഒന്നില്‍ ഒന്നാം റാങ്ക് നേടി മാവേലിക്കര സ്വദേശിയായ എസ്. മാലിനി. രണ്ടാം റാങ്ക് നന്ദന പിള്ളയ്ക്കാണ്. ഗോപിക ഉദയന്‍, ആതിര എസ് വി, ഗൗതമന്‍ എം എന്നിവരാണ് മൂന്നും നാലും അഞ്ചും റാങ്ക് നേടിയവര്‍.
സിവില്‍ സര്‍വീസ് പരീക്ഷയിലെ 135-ാം റാങ്കുകാരിയായ മാലിനി ഐഎഫ്എസ് ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. അഭിഭാഷകനായ കൃഷ്ണകുമാറിന്റെയും റിട്ട. അധ്യാപികയായ ശ്രീലതയുടെയും മകളാണ്. ഡല്‍ഹിയില്‍ സ്വകാര്യസ്ഥാപനത്തില്‍ അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് സിവില്‍ സര്‍വീസ് മോഹമുദിച്ചത്. എന്നാല്‍, ആദ്യ രണ്ടുതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2020ല്‍ ഹൈക്കോടതിയില്‍ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് ആയി ജോലി ചെയ്യവെ അവധിയെടുത്ത് പഠനം തുടര്‍ന്നാണ് നേട്ടം കൈവരിച്ചത്.
രണ്ടാമത്തെ സ്ട്രീമില്‍ അഖില ചാക്കോ, ജയ്കൃഷ്ണന്‍ കെജി എന്നിവരാണ് ആദ്യ രണ്ടു റാങ്കുകാര്‍. സ്ട്രീം മൂന്നില്‍ അനീഷ് കുമാര്‍, അജീഷ് കെ എന്നിവരാണ് ആദ്യ റാങ്കുകാര്‍. നവംബറില്‍ റാങ്ക് പട്ടികയില്‍ ഇടം നേടിയവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്ന് പി.എസ്.സി ചെയര്‍മാന്‍ എംകെ സക്കീര്‍ പറഞ്ഞു. 122 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 105 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments