കൊട്ടാരക്കര: കൊല്ലം തെന്മലയില് പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ മുൻ ഇൻസ്പെക്ടർക്കു സസ്പെൻഷൻ. നിലവിൽ ആലപ്പുഴ കുറത്തികാട് സ്റ്റേഷൻ ഇൻസ്പെക്ടറായ വിശ്വംഭരനെയാണ് ദക്ഷിണ മേഖല ഐജി ഹർഷിത അട്ടലൂരി സസ്പെൻഡ് ചെയ്തത്.
പൊലീസിനെതിരെ ഗുരുതരമായ കണ്ടെത്തലുകളോടെ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ റിപ്പോർട്ട് നൽകിയിരുന്നു. പരാതി വിശദമായി അന്വേഷിച്ച് 14 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു നിർദേശവും നൽകി.
കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണു സംഭവം. പരാതിയുമായി എത്തിയ തെന്മല ഉറുകുന്ന് ഇന്ദിരാ നഗർ രജനി വിലാസത്തിൽ രാജീവിനെ ഒരു തെളിവുമില്ലാതെ കേസ് കെട്ടിച്ചമച്ചു പ്രതിയാക്കിയെന്നായിരുന്നു റിപ്പോർട്ട്.
ഈ സംഭവത്തെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് സംഭവം നടന്ന് മാസങ്ങൾക്കു ശേഷമുള്ള നടപടി.
Post Your Comments