ചേര്‍ത്തല: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സന്‍ മാവുങ്കലിന്റെ മൂന്നു ആഢംബര കാറുകള്‍ കൂടി ചേര്‍ത്തലയില്‍ നിന്ന് പിടികൂടി. കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഏല്‍പ്പിച്ച കാറുകളാണ് പിടികൂടിയത്. പഞ്ചാബ് രജിസ്ട്രേഷനിലുള്ള ബെന്‍സ്, കര്‍ണാടക രജിസ്ട്രേഷനിലുള്ള പ്രാഡോ, ഛത്തീസ്ഗഡ് രജിസ്ട്രേഷനിലെ ബിഎംഡബ്ല്യൂ എന്നിവയാണ് പിടിച്ചെടുത്തത്. വാഹനത്തിന്റെ വിവരങ്ങള്‍ വര്‍ക്ക് ഷോപ്പ് അധികൃതര്‍ ക്രൈംബ്രാഞ്ചിന് കൈമാറി. കാറുകളുടെ നിലവിലെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് പരിശോധിക്കുകയാണ്.
കൊച്ചിയിലെ വീട്ടില്‍ നിന്നും എട്ട് കാറുകളാണ് ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നത്. മോണ്‍സനെ ചേര്‍ത്തലയിലെ വസതിയില്‍ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുമ്പോള്‍ വീടിന് പുറത്ത് രണ്ട് ആഢംബര കാറുകളുണ്ടായിരുന്നു. എന്നാല്‍ മോണ്‍സന്‍ മാവുങ്കലിന്റെ പേരില്‍ ഒരു കാര്‍ മാത്രമാണുള്ളത്. ആഢംബര കാറുകള്‍ എല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്.
മോന്‍സന്‍ പതിവായി ഉപയോഗിച്ചിരുന്ന ദോഡ്ജേ ഗ്രാന്‍ഡിന്റെ രജിസ്ട്രേഷന്‍ 2019ല്‍ അവസാനിച്ചു. ഹരിയാന രജിസ്ട്രേഷനുള്ള ഈ വാഹനത്തിന് വര്‍ഷങ്ങളായി ഇന്‍ഷുറന്‍സ് പോലുമില്ല. മോന്‍സന്റെ പക്കലുണ്ടായിരുന്ന ലക്സസ്, റേഞ്ച് റോവര്‍, ടൊയോട്ട എസ്റ്റിമ എന്നിവയുടെ രേഖകള്‍ പരിവാഹന്‍ വെബ്സൈറ്റിലില്ല. കൂടാതെ വ്യാജ നമ്പര്‍ പ്ലേറ്റിലാണ് ഇവ ഉപയോഗിച്ചിരുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയിരുന്നു.
Post Your Comments