ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശക്തന്മാരുടെ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ലിവർപൂൾ. ലിവർപൂളിനന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. മികച്ച പന്തടക്കത്തോടെ കളിച്ച മാഞ്ചസ്റ്റർ സിറ്റി ആദ്യപകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
രണ്ടാം പകുതിയിലെ 59ാം മിനിറ്റിൽ സാദിയോ മാനെയാണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്. എന്നാൽ പത്ത് മിനിറ്റിന് ശേഷം മികച്ച മുന്നേറ്റത്തിലൂടെ സിറ്റി സമനില ഗോൾ നേടി. ഫിൽ ഫോഡനായിരുന്നു (69) സിറ്റിക്കായി ഗോൾ നേടിയത്. എഴുപത്തിയാറാം മിനിറ്റിൽ മുഹമ്മദ് സാലയുടെ ഗോളിൽ ലിവർപൂൾ വീണ്ടും മുന്നിലെത്തി.
എന്നാൽ എൺപത്തിയൊന്നാം മിനിറ്റിൽ കെവിൻ ഡിബ്രുയ്ൻ ലിവർപൂളിന്റെ വല കുലുക്കിയതോടെ സ്കോർ 2-2 എന്ന നിലയിലെത്തി. പിന്നീട് ഇരുടീമുകളും ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോൾ നേടാനായില്ല. സമനിലയോടെ ഏഴ് കളികളിൽ നിന്ന് 15 പോയിന്റുമായി ലിവർപൂൾ രണ്ടാംസ്ഥാനത്തും ഇത്രയും കളികളിൽ നിന്ന് 14 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാമതുമാണ്.
Read Also:- ശരീരത്തിലെ സ്ട്രെച്ച് മാർക്കുകളെ അകറ്റാൻ വെളുത്തുള്ളി!!
പ്രീമിയർലീഗിലെ മറ്റ് മത്സരങ്ങളിൽ ടോട്ടൻഹാം ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ടോട്ടനത്തിന്റെ വിജയം. മറ്റൊരു മത്സരത്തിൽ ബ്രാൻഡ്ഫോർഡ് വെസ്റ്റ്ഹാമിനെ തോൽപ്പിച്ചപ്പോൾ ക്രിസ്റ്റൽ പാലസ് ലെസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചു.
Post Your Comments