കോട്ടയം: നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ ഉറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. തെറ്റുകള്‍ക്കെതിരെ സംസാരിച്ചാൽ മതമൈത്രി തകരില്ലെന്നും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്നും ദീപികയിൽ എഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്. തുറന്നു പറയേണ്ടപ്പോള്‍ നിശ്ശബ്ദനായിരിക്കരുത്. മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണം. മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തുമോയെന്ന് ആശങ്കയുണ്ടെന്നും ബിഷപ്പിന്റെ ലേഖനത്തിൽ പറയുന്നു.
‘സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നല്‍കുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലൂടെ പഠിക്കണം. തെറ്റുകള്‍ക്കെതിരെ സംസാരിച്ചത് കൊണ്ട് മതമൈത്രി തകരില്ല. മതേതരത്വം ഭാരതത്തിന് പ്രിയതരമാണെങ്കിലും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കും’ ലേഖനത്തിൽ പറയുന്നു.
‘സത്യവിരുദ്ധമായ വിട്ടുവീഴ്ച്ചയ്ക്ക് സന്നദ്ധനാകരുതെന്ന് ഗാന്ധിജി പഠിപ്പിക്കുന്നു. സമാധാനമെന്നത് മാത്സര്യത്തിന്റെ അഭാവമല്ല. മതേതരത്വത്തിന്റേയും പുരോഗമന ചിന്തയുടേയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. സമുദായത്തെ കാര്‍ന്ന് തിന്നുന്ന തിന്മകളെ കുറിച്ച് സംസാരിക്കാന്‍ പാടില്ലെന്നാണ് അവരുടെ വാദം ‘, ഗാന്ധിജയന്തി ദിനത്തിൽ എഴുതിയ ലേഖനത്തിൽ പാലാ ബിഷപ് വ്യക്തമാക്കുന്നു.
Post Your Comments