കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് ഹൈബി ഈഡന്‍ എംപി. മോന്‍സന്റെ തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടില്‍ മ്യൂസിയമുണ്ടെന്നും സന്ദര്‍ശിക്കാമെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ ക്ഷണിച്ചതനുസരിച്ചാണ് വീട്ടില്‍ പോയത്. അന്നാണ് ആദ്യമായും അവസാനമായും മോന്‍സനെ കണ്ടതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.
തട്ടിപ്പിന് ഇരയായവരോട് സഹതാപമുണ്ടെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഫോണ്‍ കോള്‍ പോലും മോന്‍സണുമായി താന്‍ നടത്തിയിട്ടില്ല. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളില്‍ താന്‍ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരാതിക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെപങ്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാധ്യമങ്ങള്‍ക്കെതിരെയും പരാതിക്കാര്‍ക്കെതിരെയും മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിയുമായി ബന്ധമുള്ളതിനാല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം ഉണ്ടാകും. അതുകൊണ്ട് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.
Post Your Comments