കണ്ണൂര്‍: ഓലപ്പാമ്പ് കാട്ടിയാല്‍ ഭയപ്പെടുന്ന ജന്മമല്ല തന്റേതെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ‘മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കൂട്ടുപ്രതിയാക്കി തന്റെ രാഷ്ട്രീയം ജീവിതം അവസാനിപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും വെറും ദിവാസ്വപ്നമാണ്. വ്യാജക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം തീര്‍ക്കുമ്പോള്‍ അതില്‍ നിന്നെല്ലാം ഒളിച്ചോടി ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും’, കെ സുധാകരന്‍ പറഞ്ഞു.
‘സിപിഎമ്മിന്റെ ആസൂത്രിത ഗൂഢാലോചനയില്‍ കെട്ടിപ്പൊക്കിയ കേസാണിത്. നേരത്തെ ഇതേ കേസില്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ശ്രമം നടന്നതാണ്. എന്നാല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ഈ നീക്കം പാളി. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ധൃതിപിടിച്ച് തന്നെ കൂട്ടുപ്രതിയാക്കിയത് സര്‍ക്കാരിനെതിരായി ഉയരുന്ന ജനരോഷത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് കേരളീയ സമൂഹത്തിന് ബോധ്യമുണ്ട്’, അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കേസെടുത്തപ്പോള്‍ എല്ലാ വിധത്തിലും സഹകരിച്ച വ്യക്തിയാണ് എന്നുകരുതി രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയാകാന്‍ നിന്നുതരില്ല. ശക്തമായ നിയമപോരാട്ടം തുടരുന്നതോടൊപ്പം തനിക്കെതിരായ ഈ വ്യാജക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും’, സുധാകരന്‍ പറഞ്ഞു.
Post Your Comments