KeralaLatest NewsNews

മോന്‍സണ്‍ മാവുങ്കലിന് വഴി വിട്ട സഹായം, ഐജി ലക്ഷ്മണിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ഐജി ജി ലക്ഷ്മണിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ പെരുമാറ്റദൂഷ്യം നടത്തിയ ഐജിക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഡിജിപി ആഭ്യന്തരവകുപ്പിനോട് ശുപാര്‍ശ ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാല്‍ ലക്ഷ്മണിനെ ജാമ്യത്തില്‍ വിട്ടിരുന്നു. കേസിലെ നാലാം പ്രതിയാണ് ലക്ഷ്മണ്‍.

Read Also: ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ സൗദി അറേബ്യ, ഐഎസ്ആർഒയുമായി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും

 

മോന്‍സന്‍ നടത്തിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ലക്ഷ്മണ്‍ നേരിട്ടു പങ്കാളിയായതോടെയാണ് കേസില്‍ പ്രതിയായത്. യാക്കൂബ് പുറായില്‍, എം.ടി മീര്‍, സിദ്ദീഖ് പുറായില്‍, അനൂപ് വി ഹമ്മദ്, സലീം എടത്തില്‍, ഷാനിമോന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഗള്‍ഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കള്‍ വിറ്റതിനു കിട്ടിയ 2.62 ലക്ഷം കോടിരൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചതായി മോന്‍സന്‍ പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്നു. ഈ തുക പിന്‍വലിക്കാനുള്ള തടസം മാറ്റാനായി പലപ്പോഴായി 10 കോടിരൂപ വാങ്ങിയെന്നാണ് പരാതി.

മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ വീഴ്ച കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് 2021 നവംബറില്‍ ലക്ഷ്മണിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. മോന്‍സന് ഐജി വഴിവിട്ട സഹായങ്ങള്‍ നല്‍കിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2023 ഫെബ്രുവരിയില്‍ തിരിച്ചെടുത്തു. കേസില്‍ ഉള്‍പ്പെട്ടതിനാല്‍ എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയിരുന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button