ചെറായി: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയതോടെ ചെറായി ബീച്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. 500 മീറ്ററോളം നീളം വരുന്ന നടപ്പാതയോടു ചേര്‍ന്നുളള തീരം പൂര്‍ണമായും അപ്രത്യക്ഷമായി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കടല്‍ത്തീരത്തെത്തുന്ന വിനോദ സഞ്ചാരികള്‍ നിരാശരായി മടങ്ങുകയാണ്. തീരമില്ലാത്തതിനാല്‍ കടല്‍വെള്ളത്തില്‍ ഇറങ്ങി നടക്കാനും ഉല്ലസിച്ച് കുളിക്കാനും ഇപ്പോഴാവില്ല.
തുടര്‍ച്ചയായ കടല്‍ക്ഷോഭത്തെത്തുടര്‍ന്നാണ് ബീച്ചിലെ നടപ്പാത വരെയുള്ള ഭാഗത്തെ മണല്‍ ഒലിച്ചുപോയത്. സാധാരണ മഴക്കാലം കഴിയുന്നതോടുകൂടി തീരം പുനഃസ്ഥാപിക്കപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ കരിങ്കല്ലുകളാണ് ഇവിടെ ഉയര്‍ന്നുനില്‍ക്കുന്നത്. ടെട്രാപോഡുകള്‍ നിര്‍മിച്ച് തീരസംരക്ഷണം ഉറപ്പാക്കുകയും, ഈ ഭാഗത്ത് പുതിയ തീരം രൂപപ്പെടുന്നതിന് സാഹചര്യം ഒരുക്കണമെന്നുമാണ് പരിസരവാസികളുടെ ആവശ്യം.
ബീച്ച് റോഡിലെ നടപ്പാതയുടെ കരിങ്കല്‍ക്കെട്ട് ഇടിഞ്ഞതിനെ തുടര്‍ന്ന് ടൈലുകള്‍ ഇളകിയ നിലയിലാണ്. ഇരുവശവും പുല്‍ക്കൂട്ടം നിറഞ്ഞിരിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഇതിലൂടെ നടക്കാനുമാകുന്നില്ല. പ്രായം ചെന്നവര്‍ക്കിരിക്കാനുള്ള ഇരിപ്പിട സൗകര്യങ്ങള്‍ നിലവില്‍ ഇല്ല. പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ കടല്‍ ക്ഷോഭത്തില്‍ നശിച്ചു പോയിരുന്നു. വെളിച്ചത്തിന് വേണ്ടത്ര സംവിധാനവും ഇപ്പോള്‍ ഇല്ല. പുതുതായി സ്ഥാപിച്ച കാമറകളും പ്രവര്‍ത്തന രഹിതമായി. ലോക്ഡൗണ്‍ സമയത്തും മറ്റുമായി വാഹനസഞ്ചാരം തീരെ കുറഞ്ഞതിനെത്തുടര്‍ന്നാണ് വലിയതോതില്‍ ചെടിപടര്‍പ്പുകള്‍ രൂപപ്പെട്ടത്.
Post Your Comments