ThiruvananthapuramKeralaCinemaLatest NewsNews

സിഐടിയു സിനിമാ മേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്നു: പുതിയ സംഘടന രൂപീകരിച്ചു

എല്ലാ വിഭാഗം സിനിമ പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ അണി നിരത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും ശക്തമായ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ സാന്നിധ്യം മിക്ക തൊഴില്‍ മേഖലകളിലുമുണ്ടെങ്കിലും സിനിമാ മേഖലയില്‍ അതുണ്ടായിരുന്നില്ല. അതിനൊരു പരിഹാരമായിരിക്കുകയാണ് ഇപ്പോള്‍. സിനിമാ മേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായി സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം കേരള സിനിമ എംപ്ലോയീസ് ഫെഡറേഷന്‍ (കെ.സി.ഇ.ഫ്) എന്ന പേരില്‍ പുതിയ സിനിമ സംഘടന രൂപീകരിച്ചിരിക്കുകയാണ്. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് പത്മനാഭനാണ് സംസ്ഥാന പ്രസിഡന്റ്. സിനിമ പി.ആര്‍.ഒ എ.എസ് പ്രകാശാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി.

എല്ലാ വിഭാഗം സിനിമ പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ അണി നിരത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. തുച്ഛമായ പ്രവേശന ഫീസും മാസവരിയും മാത്രം ഈടാക്കാനാണ് പുതിയ സിനിമ സംഘടനയ്ക്ക് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുളളത്. അപേക്ഷ സമര്‍പ്പിക്കുന്നവരുടെ രാഷ്ട്രീയം നോക്കില്ലെന്നും അര്‍ഹതയുള്ള എല്ലാവര്‍ക്കും സംഘടനയില്‍ അംഗത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറയുന്നു. സിപിഐയുടെ തൊഴിലാളി സംഘടന നേരത്തേ തന്നെ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

എംപിയും സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം, സംസ്ഥാന സെക്രട്ടറിയും കിലെ ചെയര്‍മാനുമായ കെ.എന്‍ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. തൊഴിലാളി താത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന സിഐടിയുവിന്റെ കടന്നുവരവോടെ ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഒക്കെ അറുതിയാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button