ന്യൂഡല്‍ഹി: സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരും. സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കി. കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് സിനിമകള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ശ്രമിച്ച സുരേഷ് ഗോപിയുമായി കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.
സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി അടക്കമുള്ളവര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. അതിനാല്‍ നേരത്തെ മന്ത്രിസ്ഥാനത്ത് ഒഴിയാന്‍ സന്നദ്ധത അറിയിച്ച സുരേഷ് ഗോപിയുടെ ആവശ്യത്തെ പ്രധനമന്ത്രി അംഗീകരിച്ചില്ലായിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ സ്ഥിരീകരണം വന്നത്. ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തീകരിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തീകരിച്ചാല്‍ സുരേഷ് ഗോപി കാബിനറ്റ് പദവിയിലേക്ക് എത്തുമെന്നാണ് സൂചന. നാലു സിനിമകള്‍ ചെയ്യാനുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. കാബിനറ്റ് മന്ത്രി ആയാല്‍ സിനിമകള്‍ മുടങ്ങുമെന്നും അറിയിച്ചിരുന്നു. തനിക്ക് സിനിമ ചെയ്‌തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നായിരുന്നു സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നത്.
Post Your Comments