കോട്ടയം: ലൗ ജിഹാദും നർക്കോട്ടിക്ക് ജിഹാദും സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. പാലാ ബിഷപ്പിന്റെ നർക്കോട്ടിക്ക് ജിഹാദ് പ്രസ്താവനക്ക് പിന്നാലെ ‘ലൗ ജിഹാദ്’ ആരോപണവുമായി ദീപിക ബാലസഖ്യം ഡയറക്ടറായ ഫാ. റോയി കണ്ണൻചിറ രംഗത്ത്. കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്നാണ് ഫാ. റോയി കണ്ണൻചിറ സി.എം.ഐ. ആരോപിക്കുന്നത്.
ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് അദ്ദേഹം വർഗീയ പ്രസ്താവന നടത്തിയത്. കോട്ടയത്തെ ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒമ്പതു പെൺകുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടുപോയത് ഈഴവരാണെന്നും നമ്മുടെ കുട്ടികളെ നമ്മൾ തന്നെ സുരക്ഷിതരായി വെക്കണമെന്നും ഫാദർ റോയി കണ്ണൻചിറ വേദ പാഠ അദ്ധ്യാപകർക്ക് മുന്നറിയിപ്പ് കൊടുക്കുന്നുമുണ്ട്.
Also Read:ബിജെപി സംസ്ഥാന അധ്യക്ഷനാകുമോ?: മറുപടിയുമായി സുരേഷ് ഗോപി
‘കോട്ടയത്തെ ഒരു സിറോ മലബാർ ഇടവകയിൽ നിന്നും ഒരു മാസത്തിനിടെ ഒൻപത് പെൺകുട്ടികളെ പ്രണയിച്ച് കൊണ്ട് പോയത് ഈഴവ ചെറുപ്പക്കാർ ആണ്. ലൗ ജിഹാദിനെ പറ്റിയും നർക്കോട്ടിക്ക് ജിഹാദിനെ പറ്റിയും നമ്മൾ കൂടുതൽ സംസാരിക്കണം. അതോടൊപ്പം തന്നെ, കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് വരെ ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. നമ്മൾ നേരിടുന്ന വലിയൊരു പ്രശ്‌നമാണിത്. നമ്മുടെ മക്കളെ തട്ടിക്കൊണ്ട് പോകുവാൻ, പ്രണയം നടിച്ചാണെങ്കിലും അല്ലെങ്കിലും നമ്മുടെ മക്കളെ സ്വന്തമാക്കുവാൻ സഭയുടെ എതിർപക്ഷത്ത് നിൽക്കുന്നവർ നടത്തുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമ്മുടെ മക്കളെ വിശ്വാസത്തിൽ നിലനിർത്താനും നമ്മുടെ മക്കളെ മാതാപിതാക്കളിൽ ചേർത്തുനിർത്തിക്കൊണ്ട് കത്തോലിക്കാ സമുദായത്തിന്റെ ഭദ്രത ഉറപ്പുവരുത്തുവാനും ശ്രമിക്കണം,’ ഫാദർ പറയുന്നു.
സുറിയാനി കത്തോലിക്കാ സഭയിലെ പ്രമുഖ പ്രഭാഷകനാണ് ഫാ. റോയി കണ്ണൻചിറ. 2003 മുതൽ ദീപിക ബാലസഖ്യം ഡയറക്ടറാണ് കൊച്ചേട്ടൻ എന്ന പേരിൽ കുട്ടികളോട് സംവദിക്കുന്ന പംക്തി കൂടി കൈകാര്യം ചെയ്യുന്ന ഈ വൈദികൻ. കുട്ടികളുടെ ദീപികയുടെ ചീഫ് എഡിറ്റർ, ചിൽഡ്രൻസ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാസികയുടെ അസോസിയേറ്റ് എഡിറ്റർ എന്നീനിലകളിലും റോയി കണ്ണൻചിറ സജീവമാണ്. കത്തോലിക്കാ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാർക്ക് സ്ട്രാറ്റജിക്കായ പദ്ധതികൾ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്ന് ഫാ. റോയി പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
Post Your Comments