കോഴിക്കോട്: മിഠായി തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കി. തീപിടുത്തത്തിന് കാരണമാകുന്ന വീഴ്ചകള്‍ ചൂണ്ടികാട്ടിയാണ് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കിയത്. കെട്ടിടങ്ങളുടെ കാലപ്പഴക്കവും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീപിടുത്തമുണ്ടായ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാന്‍ ഇടുങ്ങിയ പടിക്കെട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിലവിലെ കെട്ടിട നിര്‍മ്മാണ സുരക്ഷാചട്ട പ്രകാരം കെട്ടിടത്തിന്റെ ഇരുവശവും സ്റ്റെയര്‍കേസുകള്‍ വേണം. ഇത് ലംഘിക്കപ്പെട്ടതായും സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മിഠായി തെരുവില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കുമെന്നും പ്രശ്‌നപരിഹാരം കാണുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഫയര്‍ഫോഴ്‌സ് സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയത്. പാളയം ഭാഗത്തുള്ള വികെഎം ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ജെആര്‍ ഫാന്‍സി സ്റ്റോറിന്റെ മൂന്നാം നിലയിലായിരുന്നു ഇന്നലെ തീപിടുത്തം ഉണ്ടായത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ എഞ്ചിന്‍ സ്ഥലത്ത് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം.
Post Your Comments