Latest NewsKeralaNews

‘നാര്‍ക്കോട്ടിക് ‘ എന്നതോ ‘ലവ് ‘എന്നതോ അല്ല പ്രശ്‌നം, ‘ജിഹാദ്’ ആണ് പ്രശ്‌നം: എന്‍എസ് നുസൂര്‍

കോഴിക്കോട്: കേരളത്തില്‍ ലൗജിഹാദിനൊപ്പം നാര്‍ക്കോട്ടിക്ക് ജിഹാദും വ്യാപകമാണെന്ന് വെളിപ്പെടുത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍എസ് നുസൂര്‍. സ്വന്തം മതം അനുശാസിക്കുന്ന കാര്യങ്ങളും മതഗ്രന്ഥങ്ങളുടെ പൊരുളും ആദ്യം മതപണ്ഡിതന്മാരും പിന്നീട് അനുയായികളേയും പഠിപ്പിക്കണമെന്നും അല്ലാതെ മറ്റ് പോംവഴികള്‍ ഒന്നും ഇല്ലെന്നും എന്‍എസ് നുസൂര്‍ അഭിപ്രായപ്പെട്ടു. ‘നാര്‍ക്കോട്ടിക് ‘ എന്നതോ ‘ലവ് ‘എന്നതോ അല്ല പ്രശ്‌നം, ‘ജിഹാദ്’ ആണ് പ്രശ്നമെന്ന് എന്‍എസ് നുസൂര്‍ ഫേസ്‌ബുക്കിൽ കുറിച്ചു.

നുസൂറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

നുസൂറിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം- പാലാ’ ആടിയുലയുമ്പോള്‍… പാലാ ബിഷപ്പ് പ്രസംഗിച്ചത് ശ്രദ്ധിച്ചു. ബോധപൂര്‍വ്വം പുതിയ ഒരു പദപ്രയോഗം കൂടി പൊതുസമൂഹത്തിന് മുന്‍പില്‍ അദ്ദേഹം സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ അറിവിന്റെ പരിമിതിയില്‍ നിന്നും നാട്ടില്‍ നടക്കുന്ന വിഷയങ്ങളിലെ അദ്ദേഹത്തിന്റെ ഉല്‍കണ്ഠ മനസിലാകുന്നു. ലവ് ജിഹാദ് എന്ന ഒരു വിഷയം ഉണ്ടെന്ന് വ്യക്തിപരമായി എനിക്ക് അഭിപ്രായമില്ല. എന്നാല്‍ ഈ വാചകം എവിടെ നിന്നാണ് ആദ്യം ഉടലെടുത്തത് എന്ന് നാം ചിന്തിക്കണം. സാധാരണയായി കേള്‍ക്കുന്ന ഒരാള്‍ക്ക് ഇതെല്ലാം ഇസ്ലാമിക സമൂഹത്തെ പരാമര്‍ശിക്കുന്നതാണോ എന്ന് സംശയിക്കാം. ‘നാര്‍ക്കോട്ടിക് ജിഹാദ്’.കേള്‍ക്കാന്‍ സുഖമുള്ള വാക്കാണ്. പക്ഷെ അതിനകത്ത് ഒളിഞ്ഞിരിക്കുന്ന വലിയ ഒരു അപകടം ഉണ്ട്. ബോധപൂര്‍വ്വം ബിഷപ്പ് ഒരു ചര്‍ച്ചക്ക് വഴിയൊരുക്കിയിരിക്കുന്നു. ‘നാര്‍ക്കോട്ടിക് ‘ എന്നതോ ‘ലവ് ‘എന്നതോ അല്ല പ്രശ്‌നം. ‘ജിഹാദ്’. അതാണ് പ്രശ്‌നം. മുന്‍പേ പറഞ്ഞ വാക്കുകളുടെ കൂടെ ജിഹാദ് കൂടി കലര്‍ത്തുമ്പോള്‍ അതിന് വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാകുന്നു. അതാണ് ഇന്ന് പലരുടെയും ആവശ്യം. ആ പദപ്രയോഗങ്ങള്‍ക്ക് സംഘപരിവാറുകാര്‍ കോടികള്‍ വരെ വിലയിടുന്നു.

Also Read:ഉവൈസിയെ തടയാനുള്ള ഏക വാക്‌സിന്‍ ന്യൂനപക്ഷ മോര്‍ച്ചയെന്ന് ബി.ജെ.പി

സ്വന്തം സമുദായത്തില്‍ നിന്നും ആരും മറ്റുള്ള സമുദായത്തിലേക്ക് പോകുവാന്‍ പാടില്ല എന്നതാവാം ബിഷപ്പ് ഉദ്ദേശിച്ചത്. അതാണ് ഇന്ന് എല്ലാ സമുദായങ്ങളും അനുഭവിക്കുന്ന പ്രശ്‌നവും . സ്വന്തം മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തവരെ തിരികെ കൊണ്ട് വരാന്‍ ഘര്‍വാപ്പസി പ്രചരണം നടത്തേണ്ടി വന്നതും അതുകൊണ്ടാണ്. മതം മാറ്റം പലതരത്തില്‍ നടന്നിട്ടില്ലേ? . പണ്ട് കാലങ്ങളില്‍ മനുഷ്യന്റെ ദാരിദ്ര്യത്തെ മുതലെടുത്ത് പരിവര്‍ത്തനം നടന്നിട്ടില്ലേ? മലബാര്‍ കലാപം നടന്നപ്പോള്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നടന്നു എന്ന് ചിലര്‍ അവകാശപ്പെടുന്നില്ലേ? അങ്ങനെ എത്രയോ സാഹചര്യങ്ങള്‍. ഇപ്പോള്‍ പ്രണയമാണ് വിഷയം. മതപരിവര്‍ത്തനം തടയാന്‍ ഒറ്റ വഴിയേ ഇനി അവശേഷിക്കുന്നുള്ളൂ. സ്വന്തം മതം അനുശാസിക്കുന്ന കാര്യങ്ങളും മതഗ്രന്ഥങ്ങള്‍ പറയുന്നതിന്റെ പൊരുളും ആദ്യം മതപണ്ഡിതന്മാരും അതിന് ശേഷം കൂടെയുള്ളവരെയും വെടിപ്പായി പഠിപ്പിക്കുക. അല്ലാതെ മറ്റ് പോംവഴികള്‍ ഒന്നും ഇല്ല.

മയക്കുമരുന്നും, പ്രണയവും ഒന്നും ഒരു സമുദായത്തിന് മാത്രം ഉള്ളതല്ല. കുറ്റകൃത്യങ്ങളില്‍ എല്ലാ മതസ്തരും സഹോദരങ്ങളാണ്. പല രാജ്യാന്തര കുറ്റകൃത്യങ്ങളിലെയും പേരുകള്‍ പാലായില്‍ ഇരുന്ന് ഗൂഗിള്‍ ചെയ്താലും ബിഷപ്പ് മറ്റൊരു പ്രസംഗം നടത്തേണ്ടി വരും. ബോധപൂര്‍വ്വം നടത്തുന്ന പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കും. ഈ പരാമര്‍ശം കൊണ്ട് അദ്ദേഹം എന്താണോ ഉദ്ദേശിച്ചത് അത് ചില മുസ്ലീം സംഘടനകള്‍ നടപ്പിലാക്കി കൊടുത്തു . കേള്‍ക്കേണ്ട താമസം ബിഷപ്പ് ആസ്ഥാനത്തേക്ക് മാര്‍ച്ച്. ഒരു ബിഷപ്പ് മാത്രമല്ല ക്രിസ്ത്യന്‍ സമൂഹത്തിന്റെ വാക്ക്. മാര്‍ പാപ്പയേക്കാളും വലിയ ബിഷപ്പ് ഒന്നും ഇല്ലല്ലോ. എന്നിട്ടാണ് നേരെ ബിഷപ്പ് ആസ്ഥാനത്തേക്ക് പോയത്. സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാന്‍ പലരും ശ്രമിക്കും. നമ്മള്‍ യുവജനങ്ങള്‍ ശ്രദ്ധാലുക്കള്‍ ആകണം.ബിഷപ്പ് പറഞ്ഞ വിഷയത്തില്‍ ആവശ്യമുള്ളത് സ്വീകരിക്കാം. ഒരു സമുദായം മാത്രമല്ല, എല്ലാപേരും മയക്കുമരുന്നിനെതിരെ ഒരുമിക്കണം.. പ്രണയം അത് ആര് വിചാരിച്ചാലും അവസാനിപ്പിക്കാന്‍ പറ്റുന്ന ഒന്നല്ല. പ്രണയിക്കുമ്പോള്‍ മതം, ജാതി ഇതൊന്നും നോക്കുന്നില്ല എങ്കില്‍ ഒരുമിക്കുമ്പോള്‍ എന്തിനാണ് ഇതൊക്കെ നോക്കുന്നത്. വര്‍ഗ്ഗീയതക്കെതിരെ ഒരു മനസ്സോടെ പോരാടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button