തൃശൂർ: ആട്, തേക്ക്, മാഞ്ചിയം മുതൽ ഇറിഡിയം വരെയും അതിന് ശേഷവും പലവിധ തട്ടിപ്പുകൾക്ക് ഇരയായിട്ടും പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മലയാളിയുടെ അത്യാർത്തിക്ക് ഒട്ടും കുറവില്ല. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം അവരുടെ എസ്‌റ്റേറ്റ് ബംഗ്ലാവിലെ സാധനങ്ങൾ ചുളു വിലയ്ക്ക് വിൽക്കുന്നു എന്ന് കേട്ട് വണ്ടി വിളിച്ചുപോയി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയതും മലയാളികൾ തന്നെ. ഇത്തരത്തിൽ തട്ടിപ്പിന്റെ പട്ടികയിലേക്ക് ഏറ്റവും പുതിയതായി എത്തിയിരിക്കുന്ന വസ്തുവാണ് ‘കുതിരപ്പട്ടയം’.
കണ്ടാൽ വെറുമൊരു ലോഹത്തകിടെന്ന് തോന്നുമെങ്കിലും കുന്നംകുളം, ഗുരുവായൂർ മേഖലകളിൽ കറങ്ങുന്ന ഇതിന്റെ വില്പനയ്ക്ക് എത്തിയിരിക്കുന്ന സംഘം ഇതിനിട്ടിരിക്കുന്ന വില 100 കോടി രൂപ. ‘കുതിരപ്പട്ടയം’ കയ്യിലുണ്ടെങ്കിൽ വെടിയേൽക്കില്ല, വെട്ടേൽക്കില്ല എന്നിങ്ങനെയാണ് ദുരൂഹ സംഘത്തിന്റെ പ്രചാരണം. പലരും ഇത് വാങ്ങാൻ സന്നദ്ധരായി ലക്ഷങ്ങൾ ‘അഡ്വാൻസ്’ നൽകി വഞ്ചിതരായെന്നാണ് ലഭ്യമായ വിവരം.
മുഖത്തെ കുഴികൾ മറയ്ക്കാൻ ഇതാ ഒരു എളുപ്പവഴി!
തമിഴ്നാട്ടിലെ ഒരു പ്രാചീന കൊട്ടാരം പൊളിച്ചപ്പോൾ ലഭിച്ച അദ്ഭുത ലോഹമാണ് കുതിരപ്പട്ടയം എന്നാണ് തട്ടിപ്പുകാർ അവകാശപ്പെടുന്നത്. കുതിരപ്പട്ടയം കൈവശമുണ്ടെങ്കിൽ മറ്റൊരു ലോഹത്തിനും ശരീരത്തെ മുറിവേൽപ്പിക്കില്ലെണ് ഇവർ വാദിക്കുന്നു. അതീവ രഹസ്യമായി പ്രവർത്തിക്കുന്ന ഇവർ വാട്സാപ്പിലൂടെയാണ് ഇടപാട് ആരംഭിക്കുന്നത്.
വാട്സാപ്പിലൂടെ കുതിരപ്പട്ടയത്തിന്റെ സിദ്ധികൾ വിവരിക്കുന്ന ഇവർ കോഴിയുടെ കാലിൽ തകിട് വച്ചുകെട്ടിയ ശേഷം കത്തികൊണ്ട് അറുക്കാൻ ശ്രമിക്കുക, ഈ തകിട് കയ്യിൽ പിടിച്ച ശേഷം എയർ ഗൺ ഉപയോഗിച്ചു വെടിവയ്ക്കുക എന്നിങ്ങനെയുള്ള വിദ്യകൾ കാട്ടി വിശ്വാസം നേടാൻ ശ്രമിക്കും. വർക്കല സ്വദേശികളായ ഒരു കൂട്ടർ കുതിരപ്പട്ടയം വാങ്ങാൻ സന്നദ്ധരായി കുന്നംകുളത്ത് എത്തിയതായും ഇവരെ ബന്ദികളാക്കി തട്ടിപ്പുസംഘം 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നുമാണ് ലഭ്യമായ വിവരം. ഗുരുവായൂരിനടുത്ത് വീടു വാടകയ്ക്കെടുത്താണ് തട്ടിപ്പ് സംഘം ഇടപാടുകൾ നടത്തുന്നതെന്നാണ് സൂചന.
Post Your Comments